Flash News

രാജ്യാന്തര ചലച്ചിത്രമേളഅവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

തിരുവനന്തപുരം: പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരേ പോരാടി ജീവിതം കരുപിടിപ്പിച്ച ശക്തരും സ്വതന്ത്രരുമായ സ്ത്രീകഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഇതിലുള്‍പ്പെടുന്നത്. കള്ളിച്ചെല്ലമ്മ (പി ഭാസ്‌കരന്‍, 1969), കുട്ട്യേടത്തി (പി എന്‍ മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ വി ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ ജി ജോര്‍ജ്, 1983), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍, 1986), ആലീസിന്റെ അന്വേഷണം (ടി വി ചന്ദ്രന്‍, 1989), പരിണയം (ഹരിഹരന്‍, 1994) എന്നീ സിനിമകളാണ് അവള്‍ക്കൊപ്പം വിഭാഗത്തിലുള്ളത്. കൂടാതെ, ജൂറി അംഗങ്ങളുടെ നാലു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, പ്രശസ്ത സിനിമാ ക്യുറേറ്ററും സിനിമാ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. മാര്‍ലോണ്‍ മൊറേനോയുടെ 'ഡോഗ് ഈറ്റ് ഡോഗ്', ടി വി ചന്ദ്രന്റെ 'ഡാനി', മാര്‍ക്കോ മുള്ളറുടെ 'ദി സണ്‍', മേരി സ്റ്റീഫന്റെ 'ദി സ്വേയിങ് വാട്ടര്‍ ലില്ലി' എന്നിവയാണ് മേളയിലെ ജൂറി ചിത്രങ്ങള്‍. സമകാലിക ജാപ്പനീസ് ആനിമേഷന്‍ ചിത്രങ്ങളും ഇക്കുറി മേളയില്‍ പ്രത്യേക ആകര്‍ഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് ആനിമേഷന്‍ സിനിമകള്‍. ഈ വിഭാഗത്തില്‍ പ്രമുഖ സംവിധായകരായ സുനാഓ കത്തബുച്ചിയുടെ 'ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്', ഹയാ മിയാസാക്കിയുടെ 'ദി വിന്റ് റൈസസ്', ഇസ തക്കഹാതയുടെ 'ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ', കെയീചി ഹരയുടെ 'മിസ് ഹോക്‌സായ്', മമ്മറു ഹസോദയുടെ 'ദി ബോയ് ആന്റ് ദി ബീസ്റ്റ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it