Flash News

രാജ്യസഭ: അനുനയ നീക്കം സജീവം

എ  എം  ഷമീര്‍  അഹ്മദ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവം. പ്രതിഷേധങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറിയതോടെ കേന്ദ്രനേതൃത്വം ഇടപെട്ടുള്ള പ്രശ്‌നപരിഹാരത്തിനുള്ള ശ്രമമാണു നടക്കുന്നത്.
അതേസമയം ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗം വിഷയം ഏതു നിലയില്‍ കൈകാര്യം ചെയ്യുമെന്നതു നിര്‍ണായകമാവും. സീറ്റ് വിട്ടുനല്‍കിയതിനു പിന്നിലെ സൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ജെ കുര്യനും വി എം സുധീരനും രംഗത്തെത്തിയിരുന്നു.
ചാണ്ടിയെ പ്രതിരോധിച്ച് എ ഗ്രൂപ്പ് മറുഭാഗത്ത് നിലയുറപ്പിച്ചതു വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റ പ്രതിഫലനമാവും ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയിലുണ്ടാവുക. ഉമ്മന്‍ചാണ്ടി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പി ജെ കുര്യന്റെ ആരോപണം. ഉമ്മന്‍ചാണ്ടിയുടെ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാണെന്ന് വി എം സുധീരന്‍ തുറന്നടിച്ചു.
രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് വഴിമാറിയതാണ് പുതിയ പ്രതിസന്ധി. ഉന്നം ഉമ്മന്‍ചാണ്ടിയായതോടെ എ ഗ്രൂപ്പ് പ്രതിരോധത്തിനിറങ്ങി. അതേസമയം ഐ ഗ്രൂപ്പില്‍ നിന്ന് കാര്യമായ പ്രതികരണമില്ല.
നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി യുവ എംഎല്‍എമാരും രംഗത്തുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷയത്തില്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. അടുത്തദിവസം പാര്‍ട്ടി യോഗങ്ങള്‍ ചേരാനിരിക്കെ  ഇനി അനാവശ്യ പ്രസ്താവനകള്‍ പാടില്ലെന്നാണ് നിര്‍ദേശം. നേതൃത്വത്തിനെതിരേ ആരോപണം ഉന്നയിച്ച വി ടി ബല്‍റാം അടക്കമുള്ള യുവനേതാക്കളോട് വിശദീകരണം തേടാന്‍ ആലോചിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി അവര്‍ക്ക് മാത്രമായി നോട്ടീസ് നല്‍കുന്നത് ശരിയല്ലെന്ന് കണ്ടതോടെ വേണ്ടെന്നുവച്ചു.
അതിനിടെ പി ജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാരെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം.
പി ജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുന്നത് നല്ലകാര്യം. രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിനു മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്കൊപ്പം ചെന്നിത്തലയ്ക്കും എം എം ഹസനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
രാഷ്ട്രീയകാര്യസമിതി ചേരുന്നതിന് മുമ്പുള്ള വിമര്‍ശനത്തില്‍ ഗൂഢോദ്ദേശ്യമുണ്ട്. വിമര്‍ശനം ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നുവെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രതിഷേധത്തിനും കുറവില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വരെ വില്‍പനയ്ക്ക് വച്ച് പ്രതിഷേധിച്ചിരിക്കുകയാണ് അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സിലാണ് 10,000 രൂപയ്ക്ക് കെപിസിസി ആസ്ഥാനം വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ആസ്തി വില്‍പനയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പനയെന്ന് ഒഎല്‍എക്‌സ് പരസ്യത്തില്‍ പറയുന്നു.
കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇവിടെ എല്ലാവിധ ഫര്‍ണിച്ചറുകളുമുണ്ടെന്നും വാങ്ങുന്നവര്‍ക്ക് ഉടന്‍ ഏറ്റെടുക്കാനാവുമെന്നും പരസ്യത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങളില്‍ കരി ഓയിലൊഴിച്ചും കോലം കത്തിച്ചുമൊക്ക പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
Next Story

RELATED STORIES

Share it