രാജ്യസഭ: അംഗസംഖ്യ കൂടാന്‍ ആഗസ്ത് കാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനുള്ള മേധാവിത്തത്തിന് ആഗസ്‌തോടെ അന്ത്യമാവുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍. 2019 വരെ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും വരുന്ന ആഗസ്തില്‍ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് നേരിയ മേല്‍ക്കൈ നേടാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ചരക്ക് സേവന ബില്ലുള്‍പ്പെടെ നിരവധി ബില്ലുകള്‍ പ്രതിപക്ഷ പിന്തുണ ലഭിക്കാത്തതിനാല്‍ രാജ്യസഭയില്‍ പാസാകാതെ കിടക്കുകയാണ്. പ്രതിപക്ഷത്തെപ്പേടിച്ച് ആധാര്‍ ബില്ല് സര്‍ക്കാര്‍ ധനകാര്യബില്ലായി അവതരിപ്പിച്ച് പാസാക്കി എടുക്കുകയായിരുന്നു. ആഗസ്‌തോടെ നിലവിലെ സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ വരും. എന്നാലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ മാത്രമേ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിയൂ.
അടുത്തിടെയുണ്ടായ രാജ്യസഭാ തിരഞ്ഞെടുപ്പോടെ 245 അംഗ രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 65 ആയി ഉയരുകയും ബിജെപി സംഖ്യ 47 ആയി താഴുകയും ചെയ്തു. ആഗസ്‌തോടെ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് 15 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുപ്പ് നടക്കും. അതില്‍ ഏഴു സീറ്റുകള്‍ നോമിനേഷന്‍ വിഭാഗത്തില്‍ വരുന്നവയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെ സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാം. 233 പേര്‍ മാത്രമാണ് നിയമസഭകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വരുന്നത്. ആഗസ്‌തോടെ കോണ്‍ഗ്രസ് അംഗസംഖ്യ 61 ആയി കുറയും. ആന്ധ്രയില്‍ രണ്ടും തെലങ്കാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റ് വീതവുമാണ് കോണ്‍ഗ്രസ്സിന് കുറയുക. ബിജെപിയുടെ അംഗസംഖ്യ ഒന്ന് കൂടി 47 ആവും. മഹാരാഷ്ട്രയില്‍ രണ്ടും ബിഹാറില്‍ ഒന്നും സീറ്റ് ബിജെപി നേടുമെങ്കിലും കര്‍ണാടകയിലും ഉത്തരാഖണ്ഡിലും സീറ്റുകള്‍ നഷ്ടപ്പെടുന്നതിനാല്‍ ബിജെപി അംഗസംഖ്യയില്‍ ഒരു സീറ്റ് വര്‍ധനയേ വരു.
ആഗസ്‌തോടെ കോണ്‍ഗ്രസ്സിന് 61 സീറ്റാണ് സഭയിലുണ്ടാവുക, സിപിഎം-8, സിപിഐ-1, ആര്‍ജെഡി ജെഡിയു-13, ഡിഎംകെ-4 എന്നിങ്ങനെ അംഗങ്ങളാണ് പ്രതിപക്ഷനിരയിലുണ്ടാവുക. ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിഭാഗത്തിന് 87 അംഗങ്ങളുണ്ടാവും. ആഗസ്തില്‍ എന്‍ഡിഎ പാര്‍ട്ടികള്‍ക്ക് ആകെ 67 അംഗങ്ങളുണ്ടാവും. ഏഴു പേരെ നോമിനേറ്റ് ചെയ്യാം. എഐഎഡിഎംകെയുടെ 12 അംഗങ്ങള്‍ കൂടിയായാല്‍ അംഗസംഖ്യ 86 ആവും. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ ഇതിലൊന്നും പെടാതെ സഭയിലുണ്ട്. ഇതില്‍ ഏതെങ്കിലും കക്ഷികളുടെ പിന്തുണ നേടാനായാല്‍ സര്‍ക്കാരിന് ബില്ലുകള്‍ പാസാക്കിയെടുക്കാം. ജൂണില്‍ ആന്ധ്രപ്രദേശില്‍ നാല് ഒഴിവുകള്‍ വരുന്നുണ്ട്. ഇത് തെലുങ്കുദേശം പാര്‍ട്ടി-ബിജെപി സഖ്യത്തിന് നേടിയെടുക്കാനായാല്‍ കുറച്ച് അംഗങ്ങള്‍ കൂടിയാവും. തെലുങ്കുദേശം പാര്‍ട്ടിക്ക് രണ്ടു സീറ്റുകള്‍ ഉണ്ട്. മുന്നാമതൊന്നിന്റെ കാര്യത്തില്‍ തീരുമാനമായില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് തുടങ്ങിയവരും രാജ്യസഭാ തിരഞ്ഞെടുപ്പ് കാത്തിരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it