Flash News

രാജ്യസഭാ സീറ്റ്: ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

തിരുവനന്തപുരം/പത്തനംതിട്ട/കൊച്ചി/കോഴിക്കോട്:   രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതിനെതിരേ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം. കത്തിലൂടെയും നേരിട്ടും നേതാക്കളും അണികളും ഇക്കാര്യത്തിലെ അതൃപ്തി രാഹുല്‍ഗാന്ധിയെ അറിയിച്ചു.
ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശമാണു നേതാക്കള്‍ ഉന്നയിച്ചത്. പ്രതിഷേധം ശക്തമാണെങ്കിലും ഹൈക്കമാന്‍ഡ് ഇടപെടാനിടയില്ലെന്നാണു സൂചന. കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൈമാറിയതു ന്യായീകരിക്കാനാവില്ലെന്നാണു നേതാക്കളുടെയും അണികളുടെയുമെല്ലാം പരാതി.  പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായി കൂടിയാലോചിക്കാതെ മൂന്നു നേതാക്കള്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും അണികളുടെ വികാരം മാനിച്ചില്ലെന്നും പ്രതിഷേധിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മുന്നണി നിലനിര്‍ത്താന്‍ ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിക്കൊടുക്കാതെ മറ്റു പോംവഴിയില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അതേ€സമയം, ജില്ലയ്ക്കു ലഭിച്ച അംഗീകാരമായിരുന്ന പ്രഫ. പി ജെ കുര്യന്റെ രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു വീണ്ടും നല്‍കാതെയിരുന്ന നടപടിയില്‍ ഡിസിസി പ്രതിഷേധിച്ചു. ഇന്ത്യയിലെ തന്നെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി ജെ കുര്യനു ലഭിക്കേണ്ട രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നിഷേധിച്ച സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ശക്തമായ അമര്‍ഷമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതായി അഡ്വ. എം വി എസ് നമ്പൂതിരി അറിയിച്ചു. തനിക്കു പിന്തുണ പ്രഖ്യാപിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ മറ്റു ചില സംസ്ഥാന, ജില്ലാ ഭാരവാഹികളും രാജിക്ക് സന്നദ്ധത അറിയിച്ചതായും അദേഹം പറഞ്ഞു. മാണിക്കും കുഞ്ഞാലിക്കുട്ടിക്കും വേണ്ടി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിനെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കാര്യങ്ങള്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്സിനു ഗുണമുണ്ടാവില്ലെന്നും അവര്‍ക്കാണത് ഗുണംചെയ്യുക എന്നും രാജിവച്ച കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത്.  കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ സീറ്റ് ആര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും ബിജെപിക്ക് പൊതുസമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഊര്‍ജ്ജം പകരുന്നതുമായ ഈ തീരുമാനത്തിന് കൃത്യമായ പരിഹാര ക്രിയയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് അപകടത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ്സില്‍ പരസ്യ പ്രസ്താവന പാടില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.  ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതനുസരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍,  രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ മുന്നണിയുടെയും പാര്‍ട്ടിയുടെയും വിശാല താല്‍പര്യം മുന്‍നിര്‍ത്തി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുന്നുവെന്നു  ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖും കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും പറഞ്ഞു.
Next Story

RELATED STORIES

Share it