രാജ്യസഭാ സീറ്റ്: സംസ്ഥാന നേതാക്കളുമായി രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തും

സ്വന്തം  പ്രതിനിധി
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പോര് രൂക്ഷമായിരിക്കെ ഇന്ന് സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ എന്നിവര്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തി. മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രാഹുലുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലെ വൈകീട്ട് കേരളാ ഹൗസില്‍ നാലു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എ കെ ആന്റണി തുടങ്ങിയവരുമായും നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തി. രാജ്യസഭാ സീറ്റിന്റെ പേരില്‍ മുതിര്‍ന്ന നേതാവായ പി ജെ കുര്യനെ അപഹസിക്കുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച യുവ എംഎല്‍എമാര്‍ക്കെതിരേ എംപിമാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നാവണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ ചുമതലകള്‍ പുതുക്കിനിശ്ചയിക്കേണ്ട സാഹചര്യത്തിലാണ് നേരത്തേ സംസ്ഥാന നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതെങ്കിലും ചെങ്ങന്നൂരിലെ തോല്‍വിയോടെ ചര്‍ച്ചയുടെ സ്വഭാവം മാറി. നേതാക്കളുടെ അലംഭാവം മൂലമാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്ന വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ശക്തമായ നടപടിക്കൊരുങ്ങുമെന്ന സൂചന നിലനില്‍ക്കെയാണ് യുവ എംഎല്‍എമാര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തിറങ്ങിയത്.
രാജ്യസഭാ സീറ്റ്, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവ ഒന്നിച്ചാകും ചര്‍ച്ച ചെയ്യുക. ചര്‍ച്ചയ്ക്കു പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനവും നടന്നേക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പി ജെ കുര്യന് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കാന്‍ സാധ്യതയില്ല.
അതേസമയം, കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ആവശ്യകതയാണ് കുഞ്ഞാലിക്കുട്ടി രാഹുലുമായുള്ള ചര്‍ച്ചയില്‍ പങ്കുവയ്ക്കുക. കേരളാ കോണ്‍ഗ്രസ്സിനു കൂടി അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളിലൊന്ന് ലീഗ് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. തങ്ങളെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചതല്ലെന്നും തങ്ങള്‍ സ്വമേധയാ വന്നതാണെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം എം ഹസനും ഇന്നലെ വ്യക്തമാക്കിയത്. കെ എം മാണിയുടെ യുഡിഎഫ് പ്രവേശനമാണ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയെന്നും ഇരുനേതാക്കളും അറിയിച്ചു.
Next Story

RELATED STORIES

Share it