Flash News

രാജ്യസഭാ സീറ്റ് വിവാദം; കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌പോരുമായി ഒരേ വേദിയില്‍

തൃശൂര്‍: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദം ആറിത്തണുക്കുന്നതിനിടെ ഉരുളയ്ക്കുപ്പേരി മറുപടികളുമായി കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസനും വി എം സുധീരനും ഉമ്മന്‍ചാണ്ടിയും ഒരേ വേദിയിലെത്തി. തൃശൂര്‍ കോവിലകത്തുപാടം ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ പി വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിലാണ് നേതാക്കള്‍ എത്തിയത്. നേതാക്കള്‍ പരസ്പരം മറുപടികള്‍ കൊണ്ട് കൊമ്പുകോര്‍ത്തതും കൗതുകമായി. സീറ്റിനു വേണ്ടി യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള ഏറ്റുമുട്ടലും പലരുടെയും പ്രസംഗങ്ങളില്‍ പ്രതിഫലിച്ചു. അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസ്സിലുമുള്ള ശക്തി കണ്ട് യുവതലമുറയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു പഴയ വൃദ്ധനേതൃത്വം. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വന്നാല്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനമാവൂ എന്നൊരു ധാരണ ഇല്ലാത്തവരായിരുന്നു പണ്ടെന്നും യുവതലമുറയ്ക്ക് ഇവര്‍ അനുകരണീയരാണെന്നും ഹസന്‍ പറഞ്ഞു. നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ്സില്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്ന് വി എം സുധീരന്‍ തിരിച്ചടിച്ചു. ചില നിലപാടുകളുടെ പേരില്‍ താന്‍ മന്ത്രിസ്ഥാനം വേണ്ടെന്നുവച്ചതാണ് കെ പി വിശ്വനാഥനു മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായതെന്ന് പറഞ്ഞ വി എം സുധീരന്‍, തിരുത്തല്‍ ശക്തിയായി പണ്ടും ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വയലാര്‍ രവിയൊക്കെ അതിന്റെ ഭാഗമാണെന്നും പറഞ്ഞു. കെ പി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനസ്സാക്ഷിക്കുത്തായി മാറിയെന്നും മറ്റുള്ളവരുടെ രാജി സ്വീകരിക്കും മുമ്പ് പത്തു വട്ടം ആലോചിക്കാന്‍ അതൊരു അനുഭവപാഠമായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല, അര്‍ഹതയുണ്ടെങ്കില്‍ എല്ലാം തേടിവരുമെന്നു ചിന്തിക്കുന്ന തലമുറയായിരുന്നു കെ പി വിശ്വനാഥന്‍ അടക്കമുള്ളവരുടേതെന്ന് പരിപാടിയുടെ ഉദ്ഘാടകനായ വയലാര്‍ രവി പറഞ്ഞു. ഈ സമയം വി ടി ബല്‍റാം എംഎല്‍എ വേദിയിലേക്ക് കയറിവന്നത് ചിരി പടര്‍ത്തി. മറ്റൊരു പരിപാടിയുടെ തിരക്കുള്ളതിനാല്‍ ഹസന്റെ പ്രസംഗം കഴിഞ്ഞ ഉടനെ നേതാക്കളോടെല്ലാം യാത്ര പറഞ്ഞ് വി ടി ബല്‍റാം വേദി വിട്ടു. മന്ത്രി വി എസ് സുനില്‍ കുമാര്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, ജസ്റ്റിസ് സി എസ് രാജന്‍, ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, സി എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഒ അബ്ദുര്‍റഹ്മാന്‍കുട്ടി, എം പി ജാക്‌സന്‍, സി പി ജോണ്‍, പി എ മാധവന്‍, തോമസ് ഉണ്ണിയാടന്‍, ജോസ് വള്ളൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it