രാജ്യസഭാ സീറ്റ്: വിമര്‍ശകര്‍ക്ക് എതിരേ ലീഗ് മുഖപത്രം

കോഴിക്കോട്: കെ എം മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള വിമര്‍ശനങ്ങള്‍ക്കെതിരേ ലീഗ് മുഖപത്രം. രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരേയാണ് ലീഗ് മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗമെഴുതിയത്.
രാജ്യസഭാ സീറ്റിന്റെ പേരില്‍ ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്നും ജനാധിപത്യ വിശ്വാസികളില്‍ ആശങ്ക ഉളവാക്കുന്നതാണെന്നും ചന്ദ്രിക പറയുന്നു. ഒഴിവു വന്ന രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ വരുംകാലത്ത് തിരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും അടിത്തറ വികസിപ്പിച്ച് ഐക്യമുന്നണി എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം നല്‍കുന്നുണ്ട്. ഇരുപാര്‍ട്ടികളുടെയും സമുന്നത നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ച സമീപനം മുന്നണിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കെ എം മാണി മുന്നണിയുടെ ഭാഗമായതോടെ മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധിവരെ തടയാനാവും.
മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികളുള്‍പ്പെടെ രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തത് വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍എസ്പിക്കു നല്‍കിയതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എം പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും വിമര്‍ശകര്‍ ഓര്‍ത്തെടുക്കേണ്ടതാണ്. അന്നൊന്നും ഇല്ലാത്ത രീതിയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യ കേരളത്തെ ഏറെ വേദനിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it