Flash News

രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് ദുരൂഹ സാഹചര്യത്തില്‍ നടന്ന അട്ടിമറി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി വി എം സുധീരന്‍ വീണ്ടും രംഗത്തെത്തി. വെള്ളിയാഴ്ച യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച സുധീരന്‍ കടുത്ത ഭാഷയിലാണ് ഇന്നലെ സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയ നടപടി ദുരൂഹ സാഹചര്യത്തില്‍ നടന്ന അട്ടിമറിയെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. ഉച്ചവരെ മാണിക്ക് സീറ്റ് വിട്ടുനല്‍കില്ലെന്നു പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തതായി സുധീരന്‍ ആരോപിച്ചു. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ്സിന്റെ സാധ്യതാ പട്ടികയിലുള്ളവരെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നതായുള്ള പ്രവര്‍ത്തകരുടെ സംശയം ബലപ്പെടുത്തുന്നതാണ് ഈ നടപടി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് അവസാന നിമിഷം കേരളാ കോണ്‍ഗ്രസ്സിന്റെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയ പിന്തുണ ഗുണകരമായില്ല. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മതിയായ കൂടിയാലോചന നടത്തിയ ശേഷമായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരേയും പേരെടുത്ത് പറയാതെ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റും ആര്‍എസ്പിക്ക് കൊല്ലം സീറ്റും നല്‍കിയത് ചൂണ്ടിക്കാണിച്ച് എം എം ഹസന്‍ കേരളാ കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ചിരുന്നു. എന്നാല്‍, ആ രണ്ടു സംഭവങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടേണ്ട എന്നാണ് സുധീരന്‍ പറഞ്ഞത്. യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.  ഇപ്പോഴത്തെ നടപടിയിലൂടെ യുപിഎയുടെ ഒരു പാര്‍ലമെന്റംഗത്തെ നഷ്ടപ്പെടുത്തിയതായും സുധീരന്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു സുധീരന്റെ വിമര്‍ശനങ്ങള്‍ ഏറെയും. രാജ്യസഭാ സീറ്റിനു വേണ്ടി മന്ത്രിസ്ഥാനം രാജിവച്ച പഴയ ചരിത്രവും സുധീരന്‍ ഓര്‍മിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു. അന്ന് സ്വന്തം ഗ്രൂപ്പുകാരനായ എം എ കുട്ടപ്പന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കെപിസിസി പ്രസിഡന്റായിരിക്കെ തനിക്കെതിരേ നീങ്ങിയവരാണ് ഇപ്പോള്‍ അണികളെ അവഗണിക്കുന്നത്. മുന്‍ മുഖ്യമന്ത്രിക്കെതിരേ കൊട്ടാരവിപ്ലവം നടത്തിയവര്‍ പഴയ ചരിത്രം ഓര്‍മിക്കണമെന്നു സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it