Flash News

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

എ  എം  ഷമീര്‍   അഹ്മദ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനു സ്വന്തമായ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു കൈമാറാനുള്ള തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി. കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍, മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ അടക്കമുള്ളവര്‍ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തി.
കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് വി എം സുധീരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ തന്നെ നിരവധി അര്‍ഹരുള്ളപ്പോള്‍ കോണ്‍ഗ്രസ്സിനു പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി പി ജെ കുര്യന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തു നല്‍കി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു നല്‍കുന്നതില്‍ പ്രതിഷേധിച്ച് അഡ്വ. കെ ജയന്ത് കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഘടകകക്ഷികള്‍ക്കു മുന്നില്‍ മുട്ടിലിഴയാനാകില്ലെന്ന് ജയന്ത് പറഞ്ഞു. തീരുമാനത്തിനെതിരേ ആറു യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു നല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. കെ എം മാണിയെ ഒപ്പം നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാകണമെന്ന മുസ്‌ലിംലീഗിന്റെ നിലപാടാണ് നിര്‍ണായകമായത്.
തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. സീറ്റിനു കേരളാ കോണ്‍ഗ്രസ്സിന് അര്‍ഹതയില്ല. ഗുരുതരമായ വീഴ്ചയാണ് നേതൃത്വത്തിനു സംഭവിച്ചത്. നേതൃത്വം കനത്ത വില നല്‍കേണ്ടിവരുമെന്നും സുധീരന്‍ വിമര്‍ശിച്ചു. സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു നല്‍കരുതെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ നേരത്തേ എം എം ഹസനെയും രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചിരുന്നു. ചില ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയാണ് തീരുമാനമെന്ന് പി ജെ കുര്യന്‍. ഉമ്മന്‍ചാണ്ടിയാണ് ഗൂഢാലോചനയുടെ ശില്‍പി. സീറ്റ് കിട്ടുമെന്ന് കേരളാ കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരത്തില്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് രാഹുലിനു കത്തയച്ചതെന്നും കുര്യന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് കേരളാ കോണ്‍ഗ്രസ്സിനു സീറ്റ് നല്‍കിയതെന്ന് വി ടി ബല്‍റാമും പ്രതികരിച്ചു. നടപടി തിരുത്തണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബല്‍റാം അടക്കം ആറ് യുവ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനു കത്തു നല്‍കി. ഹൈബി ഈഡന്‍, അനില്‍ അക്കര, റോജി എം ജോണ്‍, ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കത്ത് നല്‍കിയത്. പാര്‍ട്ടി അംഗങ്ങളുടെ വികാരത്തെ മാനിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. അതിനിടെ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അണികളും പ്രതിഷേധവുമായി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ടതാണെന്ന് കെ എം മാണി പറഞ്ഞു.
Next Story

RELATED STORIES

Share it