Flash News

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന്

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് ഉയര്‍ന്ന കടുത്ത എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം), മുസ്‌ലിംലീഗ് നേതാക്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എത്തിച്ചേര്‍ന്ന തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ അംഗീകാരം നല്‍കുകയായിരുന്നു. ഇന്നു രാവിലെ 9.30ന് തിരുവനന്തപുരത്ത് ചേരുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തതിനുശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക തീരുമാനം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പ്രഖ്യാപിക്കും. തുടര്‍ന്ന് 11.30ന് യുഡിഎഫ് യോഗം ചേരും.
കേരളാ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെയും ഇന്നു തന്നെ പ്രഖ്യാപിക്കും. രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഈ മാസം 11 ആണ്. അതേസമയം, ഇന്നലെ രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമായില്ല.
ഡല്‍ഹി കേരള ഹൗസില്‍ ഇന്നലെ രാവിലെ മുതല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍, കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പലതവണ യോഗം ചേര്‍ന്നു. നാലുമണിയോടെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്കും പിന്നീട് കേരളാ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കളും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ആറരയോടെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കു തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ മടങ്ങിവരവ് അറിയിച്ചത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കാന്‍ തീരുമാനിച്ച കാര്യം ഉമ്മന്‍ചാണ്ടിയാണ് വ്യക്തമാക്കിയത്.
മുന്നണി പ്രവേശനത്തിനായി രാജ്യസഭാ സീറ്റ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ പാര്‍ട്ടി ഉന്നയിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തിനുശേഷം ജോസ് കെ മാണി പറഞ്ഞു. രാജ്യസഭയിലേക്കു മല്‍സരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് തന്നെയായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ വ്യക്തമാക്കി.
ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ഒറ്റത്തവണത്തേക്കു മാത്രമുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. നാലു വര്‍ഷത്തിനുശേഷം ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it