രാജ്യസഭാ സീറ്റ്: എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് സിപിഐ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന് സിപിഐ അവകാശവാദം ഉന്നയിച്ചതോടെ എല്‍ഡിഎഫില്‍ തര്‍ക്കം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ ആവശ്യമുന്നയിച്ചത്. എന്നാല്‍, സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് സിപിഎം കര്‍ശന നിലപാടെടുത്തു.
തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമെടുക്കാതെ ഇന്നലത്തെ എല്‍ഡിഎഫ് യോഗം പിരിയുകയായിരുന്നു. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും. കേരളാ കോണ്‍ഗ്രസ്സില്‍ വിമതരായ ജോസഫ് വിഭാഗം നേതാക്കളുടെ കാര്യത്തിലും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടായില്ല. വിമതനേതാക്കള്‍ യുഡിഎഫ് വിട്ടുവന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ചെയര്‍മാനായി ഏഴംഗസമിതിയെ നിയോഗിച്ചു. മാര്‍ച്ചില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് മൂന്നു സീറ്റുകളാണ് ഒഴിവുവരുന്നത്.
കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ (സിപിഎം) എ കെ ആന്റണി (കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം വച്ച് യുഡിഎഫിന് രണ്ടുപേരെയും എല്‍ഡിഎഫിന് ഒരാളെയും ജയിപ്പിക്കാനാവും.
സിപിഎം എം എ ബേബിക്കും, സിപിഐ ബിനോയ് വിശ്വത്തിനും വേണ്ടിയാണ് സീറ്റ് ചോദിക്കുന്നത്. കെ എന്‍ ബാലഗോപാലും ടി എന്‍ സീമയും സിപിഎം അംഗങ്ങളായതിനാല്‍ ഒഴിവുവരുന്ന സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് സിപിഎം നിലപാട്. കഴിഞ്ഞപ്രാവശ്യം സിപിഐയിലെ കെ അച്യുതന്‍ വിരമിച്ചപ്പോള്‍ ഒപ്പം പിരിഞ്ഞത് സിപിഎമ്മിലെ പി രാജീവും കോണ്‍ഗ്രസ്സിലെ വയലാര്‍ രവിയുമായിരുന്നു. ഒരു സീറ്റേ ഇടതുമുന്നണിക്ക് ലഭിക്കൂവെന്നതിനാല്‍ അത് സിപിഎം എടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it