രാജ്യസഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് മൂന്നുപേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയും ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം കെ സോമപ്രസാദുമാണ് നിയമസഭാ സെക്രട്ടറി പിഡി ശാര്‍ങ്ഗധരന്‍ മുമ്പാകെ പത്രിക നല്‍കിയത്.
രാവിലെ യുഡിഎഫ് യോഗത്തിനു ശേഷം 11ഓടെ ആന്റണിയും വീരേന്ദ്രകുമാറും നിയമസഭയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍എമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥികളെ അനുഗമിച്ചു.
രണ്ടു സെറ്റ് പത്രികകളാണ് ഇരുവരും നല്‍കിയത്. എ കെ ആന്റണിയുടെ ആദ്യസെറ്റ് പത്രികയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു നാമനിര്‍ദേശകന്‍. എം പി വീരേന്ദ്രകുമാറിന്റെ ആദ്യ സെറ്റ് പത്രികയില്‍ രമേശ് ചെന്നിത്തലയും നാമനിര്‍ദേശം ചെയ്തു. എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവരുടെ ഒഴിവിലേക്ക് ഈ മാസം 21നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it