രാജ്യസഭാ തിരഞ്ഞെടുപ്പ്: യുപിയില്‍ 9 സീറ്റില്‍ ബിജെപി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 33 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10 സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുന്‍ അധ്യക്ഷന്‍ വി മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശേഷിക്കുന്ന 25 സീറ്റുകളിലാണ് മല്‍സരം നടന്നത്.
പത്തു സീറ്റുകളിലേക്കു വാശിയേറിയ പോരാട്ടം നടന്ന ഉത്തര്‍പ്രദേശില്‍ ഒമ്പതിലും ബിജെപി വിജയിച്ചു. ബിഎസ്പി-എസ്പി കൂട്ടുകെട്ടില്‍ ഒരു ബിഎസ്പി സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബിഎസ്പി, എസ്പി എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തത് തിരിച്ചടിയായി. ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥി അനില്‍ അഗര്‍വാളാണ് ബിഎസ്പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇവിടെ എട്ടു സീറ്റില്‍ ബിജെപി നേരത്തേ തന്നെ വിജയം ഉറപ്പിച്ചിരുന്നു. സമാജ്‌വാദി ടിക്കറ്റില്‍ ജയാ ബച്ചനും വിജയിച്ചു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. തൃണമൂലിന്റെ ആബിര്‍ രഞ്ജന്‍ ബിശ്വാസ്, സുഭാശിഷ് ചക്രവര്‍ത്തി, നദീമുല്‍ ഹഖ്, ശാന്തനു സെന്‍ എന്നിവരും കോണ്‍ഗ്രസ്സിന്റെ മനു അഭിഷേക് സിങ്‌വിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടിയുടെ സി എം രമേശും ഛത്തീസ്ഗഡില്‍ ബിജെപിയുടെ സരോജ് പാണ്ഡെയുമാണ് വിജയിച്ചത്. ജാര്‍ഖണ്ഡില്‍ ബിജെപി സ്ഥാനാര്‍ഥി സമീര്‍ ഒറോണ്‍ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനാര്‍ഥി പ്രദീപ് സന്താലിയ പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ധീരജ് സാഹുവാണ് ഈ സീറ്റില്‍ ജയിച്ചത്.
അതിനിടെ, കര്‍ണാടകയില്‍ നാലു സീറ്റില്‍ മൂന്നും കോണ്‍ഗ്രസ് നേടി. ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. റിട്ടേണിങ് ഓഫിസര്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ജെഡിഎസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) മൂന്നു സീറ്റും പിടിച്ചെടുത്തു. 108 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് പോളിങ് ഏജന്റിന് ബാലറ്റ് പേപ്പര്‍ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി പ്രകാശ് റെഡ്ഡിയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it