രാജ്യസഭാ ടിവി നരേന്ദ്ര മോദിമയമായി

ന്യൂഡല്‍ഹി: അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാജ്യസഭാ ടിവി ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തല്‍സമയ പരിപാടികള്‍ പലമടങ്ങ് വര്‍ധിപ്പിച്ചു. ഉപരാഷ്ടപതിയായി എം വെങ്കയ്യ നായിഡു ചുമതലയേറ്റ ശേഷമാണ് പരിപാടികളില്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ നായിഡുവാണ് ചാനലിന്റെ ഭരണത്തലവന്‍. ഡോ. ഹാമിദ് അന്‍സാരി ഉപരാഷ്ട്രപതിയായിരിക്കെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികളുടെ പ്രാധാന്യം കണക്കാക്കിമാത്രമായിരുന്നു ചാനല്‍ തല്‍സമയ സംപ്രേക്ഷണം. ഇതിന്റെ തന്നെ രാഷ്ട്രീയ റാലികള്‍, പ്രസംഗങ്ങള്‍ എന്നിവ കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ മാത്രം കണക്കുകള്‍ പ്രകാരം ത്രിപുര, അരുണാചല്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ 21 പരിപാടികള്‍ രാജ്യസഭാ ടിവി തല്‍സമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. മൂന്നുമിനിറ്റ്് നീണ്ടു നില്‍ക്കുന്ന കാപ്‌സ്യൂള്‍ പരിപാടികളായാണ് ഇറ്റാനഗറിലെ റാലിയടക്കം രാജ്യസഭാ ടിവി സംപ്രേക്ഷണം ചെയ്തത്.  ഇത്തരത്തില്‍ മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത 17 ഓളം പരിപാടികളും ചാനല്‍ സംപ്രേക്ഷണം ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊത്ത് ഗുജറാത്തിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുറാലി, രാജ്യസഭയില്‍ പ്രധാനമന്ത്രി സന്നിഹിതനായ ചര്‍ച്ചകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ചാനലിന്റെ നരേന്ദ്ര മോദി പ്രിയത്തിനെതിരേ വിമര്‍ശനവുമായി ഇതിനകം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ചാനല്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേരക്ക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി. രാജ്യസഭാ ടിവിയെ അധികൃതര്‍ ബിജെപി ടിവിയാക്കി മാറ്റിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it