രാജ്യസഭാംഗങ്ങള്‍ക്ക് ദേശീയപതാകയുടെ ബാഡ്ജ് ധരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യസഭാംഗങ്ങള്‍ക്കു ദേശീയപതാകയുടെ ബാഡ്ജ് ധരിച്ച് സഭയില്‍ ഹാജരാവാന്‍ അനുമതി. രാജ്യസഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണു തീരുമാനം. ഇതുപ്രകാരം അടുത്ത ജൂലൈയില്‍ തുടങ്ങുന്ന വര്‍ഷകാല സമ്മേളനം മുതല്‍ ത്രിവര്‍ണ ബാഡ്ജ് ധരിച്ച് അംഗങ്ങള്‍ക്ക് സഭയിലെത്താം. ബാഡ്ജ് ധരിച്ച് ഹാജരാവാന്‍ ഇതുവരെ രാജ്യസഭാംഗങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം മൂന്നിനു ചേര്‍ന്ന രാജ്യസഭാ പൊതുകാര്യ സമിതിയുടെ ശുപാര്‍ശ സഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി അംഗീകരിച്ചു. 1985ലാണ് അംഗങ്ങള്‍ ബാഡ്ജുകള്‍ ധരിച്ച് രാജ്യസഭയിലെത്തുന്നത് അന്നത്തെ സഭാധ്യക്ഷന്‍ വിലക്കിയത്. 2010ല്‍ ലോക്‌സഭാ കമ്മിറ്റി ത്രിവര്‍ണപതാകയുടെ ബാഡ്ജുകള്‍ ധരിച്ച് സഭയിലെത്താന്‍ അംഗങ്ങള്‍ക്ക് അനുമതിനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it