Flash News

രാജ്യസഭയെ വൃദ്ധസദനമായി കാണരുത്; പി ജെ കുര്യനെ മാറ്റിനിര്‍ത്തണം

കൊച്ചി: ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കു കോണ്‍ഗ്രസ് നേതൃത്വം പി ജെ കുര്യനെ വീണ്ടും പരിഗണിക്കാനുള്ള നീക്കത്തിനെതിരേ യുവ എംഎല്‍എമാര്‍ രംഗത്ത്. യുവ എംഎല്‍എമാരായ വി ടി ബല്‍റാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം ജോണുമാണ് ഇന്നലെ പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും നിലപാടുകള്‍ പരസ്യമാക്കിയത്. രാജ്യസഭയിലേക്ക് വീണ്ടും അവസരത്തിനായി കാത്തുനില്‍ക്കുന്ന പി ജെ കുര്യന്‍ പിന്മാറണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നു ഫേസ്ബുക്കിലൂടെ ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.
പ്രസ്ഥാനത്തിന് ഇനി മുന്നോട്ടുപോകാന്‍ പുതിയ ഊര്‍ജവും പുതിയ മുഖവും ആവശ്യമാണെന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണമെന്നു പറഞ്ഞ ഹൈബി ഈഡന്‍ ഇതിന് മാതൃകയായി ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മിനെയാണ്. സിപിഎം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ, ബൃന്ദ കാരാട്ട്, ചന്ദ്രന്‍പിള്ള, പി രാജീവ്, കെ കെ രാഗേഷ് ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കിയെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ എഐസിസി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരെയും സദസ്സില്‍ ഇരുത്തി, ഒഴിച്ചിട്ട സ്റ്റേജ് ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധി രാജ്യത്തെ യുവാക്കളോട് പറഞ്ഞത്, പാര്‍ട്ടി വേദികള്‍ (സ്ഥാനങ്ങള്‍) അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നുവെന്നാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. പി ജെ കുര്യനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അത് ഓര്‍ക്കണം. അര്‍ഹതയുള്ള മറ്റ് പലര്‍ക്കും വേണ്ടി വഴിമാറിക്കൊടുക്കണമെന്നും റോജി എം ജോണ്‍ പറഞ്ഞു.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പി ജെ കുര്യന്‍ പിന്മാറണമെന്നായിരുന്നു വി ടി ബല്‍റാമിന്റെ ആവശ്യം. പി ജെ കുര്യനെപ്പോലെ 'പ്രഗല്ഭ'നായ വ്യക്തിക്ക് പാര്‍ട്ടി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഇനി നല്‍കരുതെന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ പരിഹാസം. സ്ഥാനമാനങ്ങള്‍ തറവാട്ടുവകയോ ഫിക്‌സിഡ് ഡെപ്പോസിറ്റോ അല്ലെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം കെഎസ്‌യു സ്ഥാപകദിനാഘോഷ വേദിയില്‍ നേതാക്കളെ ഇരുത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ക്കു തുടക്കമിട്ടത്. യുവനേതാക്കളും ഇത് ഏറ്റെടുത്തതോടെ പാര്‍ട്ടി നേതൃത്വം സമ്മര്‍ദത്തിലായി.





Next Story

RELATED STORIES

Share it