രാജ്യസഭയില്‍ അംഗബലം കൂട്ടി ബിജെപി; രണ്ട് സീറ്റ് അധികം നേടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. രാജസ്ഥാനില്‍ നാലും മധ്യപ്രദേശില്‍ മൂന്നും സീറ്റുകള്‍ ബിജെപി നേടി. എന്നാല്‍, പൊതുഫലം വിലയിരുത്തുമ്പോള്‍ രാജ്യസഭയില്‍ മേല്‍ക്കൈ ഉണ്ടാവില്ല. അംഗബലം കുറവായിരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ മൂന്നാമത്തെ സ്ഥാനാര്‍ഥിയും വിജയിച്ചു. ജനതാദള്‍ എസിലെ ചില അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തു.
യുപിയില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തിരഞ്ഞെടുക്കപ്പെട്ടു. സിബലിനെ തോല്‍പ്പിക്കാന്‍ ബിജെപി കിണഞ്ഞ് ശ്രമിച്ചിരുന്നു. കര്‍ണാടകത്തില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ജയറാം രമേശും കെ സി രാമമൂര്‍ത്തിയും ഇവിടെ വിജയിച്ചു. ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും വിജയിച്ചപ്പോള്‍ ജനതാദള്‍ എസ് നിര്‍ത്തിയ ബി എം ഫറൂഖ് പരാജയപ്പെട്ടു. ജാര്‍ഖണ്ഡില്‍ ഒഴിവുവന്ന രണ്ട് സീറ്റും ബിജെപി നേടി. ഇതില്‍ ഒരു സീറ്റില്‍ മുക്താര്‍ അബ്ബാസ് നഖ്‌വിയാണു ജയിച്ചത്. യുപിയില്‍ ഒഴിവുവന്ന 11 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഏഴു പേരും തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ ഒഴിവുവന്ന മൂന്നു സീറ്റുകളില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉള്‍പ്പെടെ നാലിടത്തും ബിജെപി ജയിച്ചു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് താംത ജയിച്ചു. ഇതിനിടെ, ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൂറുമാറി വോട്ട് ചെയ്തു. വിജയ് ബഹാദൂര്‍ ആണ് സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വികസനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ എസ്പിക്ക് വോട്ട് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വോട്ട് ചെയ്യുന്നതില്‍നിന്നു തടഞ്ഞതായി മറ്റൊരു ബിജെപി എംഎല്‍എ കൃഷ്ണ പാസ്വാന്‍ ആരോപിച്ചു.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഓ പി മാഥുര്‍ എന്നിവരുള്‍പ്പെടെ ബിജെപിയുടെ നാല് സ്ഥാനാര്‍ഥികളും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it