Flash News

രാജ്യസഭയിലെ മൂന്നാം ഊഴം പാര്‍ട്ടി തീരുമാനിക്കും : യെച്ചൂരി



ന്യൂഡല്‍ഹി: രാജ്യസഭയിലെ മൂന്നാമൂഴത്തിനില്ലെന്ന നിലപാട് തിരുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താന്‍ മല്‍സരിക്കേണ്ടതുണ്ടോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇന്നലെ യെച്ചൂരി പ്രതികരിച്ചു. കഴിഞ്ഞമാസം ത്രിപുര സംസ്ഥാന സമിതി യോഗത്തിനു ശേഷം ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്ന യെച്ചൂരി ഇന്നലെയാണ് നിലപാടില്‍ മാറ്റം വരുത്തിയത്. രാജ്യസഭയിലേക്ക് യെച്ചൂരി വീണ്ടും മല്‍സരിക്കണമെന്ന പ്രമേയം പാര്‍ട്ടി പശ്ചിമ ബംഗാള്‍ സംസ്ഥാന സമിതി വ്യാഴാഴ്ച പാസാക്കി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് ഇനിയും മല്‍സരിക്കുന്നത് തള്ളാതെ അത് പിബി തീരുമാനിക്കുമെന്ന് യെച്ചൂരി അറിയിച്ചിരിക്കുന്നത്. നേരത്തേ മല്‍സരിക്കില്ലെന്നും മൂന്നാമതും മല്‍സരിക്കുന്നത് പാര്‍ട്ടിയിലെ കീഴ്‌വഴക്കത്തിന് എതിരാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഡിഎംകെ നേതാവ് കരുണാനിധിയുടെ ജന്‍മദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കന്നുകാലി കശാപ്പു സംബന്ധിച്ച വിജ്ഞാപനം ചര്‍ച്ചചെയ്യാനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിക്കാനുദ്ദേശിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ വിളിക്കുന്നതില്‍ ബംഗാള്‍ ഘടകത്തിന് എതിര്‍പ്പുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ അഭിപ്രായഭിന്നതയുള്ളതിനാല്‍ ഇക്കാര്യവും പിബി തീരുമാനിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it