Editorial

രാജ്യഭരണം അട്ടിമറി പ്രവര്‍ത്തനമല്ല

ഡല്‍ഹിയിലെ ആം ആദ്മി ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസും ലഫ്റ്റനന്റ് ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇത്തരം അട്ടിമറിപ്പണികള്‍ക്കു നേതൃത്വം കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന ഭരണകൂടത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി സര്‍ക്കാരും തലസ്ഥാനനഗരിയുടെ ഭരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കേന്ദ്രഭരണകൂടവും തമ്മില്‍ നിരവധി മാസങ്ങളായി ശീതസമരമാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെറും മൂന്ന് അംഗങ്ങളിലൊതുക്കി മഹാഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം, തങ്ങള്‍ക്കു പറ്റിയ തിരിച്ചടി അംഗീകരിക്കാനും ജനാധിപത്യപരമായി സംസ്ഥാന ഭരണകൂടത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാവുകയുണ്ടായില്ല. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ ഉപദ്രവിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ നിരവധി മാസങ്ങളായി തലസ്ഥാനത്തു നടന്നുവരുന്നത്.
ഇതിനെതിരേ കടുത്ത നടപടികളുമായാണ് മുഖ്യമന്ത്രി കെജ്‌രിവാളും രംഗത്തിറങ്ങിയിരിക്കുന്നത്. നരേന്ദ്ര മോദിയെ ഏറ്റവും കടുത്ത അധിക്ഷേപപദം ഉപയോഗിച്ചുകൊണ്ട് വിമര്‍ശിക്കാനും രാഷ്ട്രീയമായി തന്നെ നേരിടാനുള്ള ധൈര്യം കാണിക്കാനും അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കാനും ഉത്തരവുകള്‍ ധിക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡല്‍ഹി സംസ്ഥാനത്തെ ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹം കാണുന്നത്.
കേന്ദ്രത്തിന്റെ നടപടികളില്‍ വൈരനിര്യാതന സ്വഭാവമുണ്ടെന്നു തീര്‍ച്ചയാണ്. മുഖ്യമന്ത്രിയോടുള്ള വൈരം തീര്‍ക്കാന്‍ ചീഫ് സെക്രട്ടറിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവം ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും സെക്രട്ടേറിയറ്റ് മൊത്തം റെയ്ഡ് ചെയ്യുകയുമെന്ന അസാധാരണ കൃത്യം നടന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നു തീര്‍ച്ചയാണ്. കാരണം, പിന്നീട് തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്ക് സാധിക്കുകയുണ്ടായില്ല. കേന്ദ്രഭരണകൂടത്തിന്റെയും സിബിഐയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
രാഷ്ട്രീയമണ്ഡലത്തില്‍ കെജ്‌രിവാളിനെതിരായ നീക്കത്തില്‍ വിജയിക്കാന്‍ ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ സാധ്യമാവുന്നില്ലെന്നു വ്യക്തമാണ്. പൊതുസമൂഹം കേന്ദ്രഭരണകൂടത്തിന്റെ സമീപനങ്ങളെ കടുത്ത വിമര്‍ശനബുദ്ധിയോടെയാണ് കാണുന്നത്. രാജ്യം ഭരിക്കുന്നതിനു പകരം എതിരാളികളെ വേട്ടയാടുന്ന പരിപാടി മോദി സര്‍ക്കാര്‍ നിര്‍ത്തുന്നതാണ് നല്ലത്.
Next Story

RELATED STORIES

Share it