Editorial

രാജ്യദ്രോഹക്കുറ്റത്തെപ്പറ്റി ദേശീയ ചര്‍ച്ച വേണം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആറ് വിദ്യാര്‍ഥികള്‍ രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് നടത്തുന്ന വേട്ടയാടല്‍ തുടരുകയാണ്. വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്ത പോലിസ് അദ്ദേഹത്തെ ആര്‍എസ്എസ് അഭിഭാഷകര്‍ മര്‍ദ്ദിക്കുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്നു. അഭ്യൂഹങ്ങളും നുണപ്രചാരണങ്ങളും ഒഴിവാക്കുന്നതിനായി കാംപസില്‍ ഹാജരായ മറ്റ് അഞ്ചുപേര്‍ തങ്ങള്‍ രാജ്യദ്രോഹക്കുറ്റം ചെയ്തില്ലെന്ന് വിശദീകരിക്കുന്നു.
അതൊന്നുമല്ല യഥാര്‍ഥ വിഷയം. ബ്രിട്ടിഷുകാര്‍ നാടന്‍മാരെ അടിച്ചമര്‍ത്താന്‍ നടപ്പാക്കിയ ഒരു പ്രാകൃതനിയമം എന്തിനാണ് ശിക്ഷാനിയമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. 1837ല്‍ മക്കാളെ പ്രഭു കൊളോണിയല്‍ ശിക്ഷാനിയമങ്ങള്‍ വ്യവസ്ഥപ്പെടുത്തിയപ്പോള്‍ രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അതു നിയമപുസ്തകത്തില്‍ കയറിപ്പറ്റിയത്. ചെറിയൊരു ഇടവേളയ്ക്കുശേഷം 1898ല്‍ അത് ശിക്ഷാനിയമത്തില്‍ സ്ഥിരപ്പെടുത്തപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ ദേശീയത ശക്തിപ്പെടുകയും രാജ്യത്തിന്റെ പല ഭാഗത്തും ബ്രിട്ടിഷ്‌രാജിന്റെ അക്രമങ്ങള്‍ക്കെതിരേ ചെറുതും വലുതുമായ പ്രതിഷേധമുയരുകയും ചെയ്തപ്പോഴാണ് രാജ്യദ്രോഹക്കുറ്റം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നിയമവിധേയമായി അധികാരമേറിയ ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുകയോ അസംതൃപ്തി പരത്തുകയോ ചെയ്യുക എന്ന അവ്യക്തമായ നിര്‍വചനത്തിന്റെ പേരില്‍ കാണുന്നവരെയൊക്കെ ജയിലിലിടാനുള്ള തന്ത്രമായിരുന്നു അത്. ദേശീയപ്രസ്ഥാനത്തിന്റെ പല നേതാക്കന്മാരും അങ്ങനെ പലപ്രാവശ്യം ജയിലില്‍ പോയിട്ടുണ്ട്. എല്ലാവരും ഈ നിയമത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ തന്നെ അധികാരത്തിലെത്തിയപ്പോള്‍ നിലപാടു മാറ്റി. അവര്‍ മറ്റുപല ജനവിരുദ്ധ നിയമങ്ങളെയുംപോലെ 124 എ നിയമവും റദ്ദാക്കാന്‍ തയ്യാറായില്ല.
രാജ്യദ്രോഹം എന്ന നിയമം ലോകത്തിലെ പല ജനാധിപത്യരാജ്യങ്ങളിലും ഉപേക്ഷിക്കപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തിട്ടുണ്ട്. അത്തരം നിയമങ്ങള്‍ ഔദ്യോഗിക ദേശീയതയുടെ വക്താക്കള്‍ ദുരുപയോഗം ചെയ്യുന്നതു തടയാനാണത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പൗരന്‍മാരെ, വിശേഷിച്ചും മുസ്‌ലിംകളെയും ദലിതുകളെയും ഗോത്രവര്‍ഗക്കാരെയും ഭയപ്പെടുത്താനാണ് ഈ നിയമം ഉപയോഗിക്കുന്നത്. സുരക്ഷാസേനകള്‍ പലയിടത്തും സിവില്‍ ഭരണത്തില്‍ ഇടപെടുന്നത് ഈ വകുപ്പിന്റെ മറവിലാണ്. ഗോമാംസം ഭക്ഷിക്കുന്നവനും സരസ്വതീവന്ദനത്തെ എതിര്‍ക്കുന്നവനും ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്നവനും മതാചാര്യന്‍മാരെ വിമര്‍ശിക്കുന്നവനുമൊക്കെ ദേശദ്രോഹിയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നവരാത്രി ആഘോഷവേളയില്‍ ദുര്‍ഗാദേവിക്കു പകരം മഹിഷാസുരനെ ആരാധിച്ചു തുടങ്ങിയ വന്‍ പാപങ്ങള്‍ ചെയ്‌തെന്നാണ് ഡല്‍ഹി പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത്. 124 എ നിയമം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജെഎന്‍യുവിലെ സംഭവവികാസങ്ങള്‍ പ്രചോദനമാവേണ്ടതുണ്ട്. ഇനിയും ധാരാളമായി പുനപ്പരിശോധിക്കപ്പെടുകയും ഭേദഗതി ചെയ്യപ്പെടേണ്ടതുമാണ് ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമെന്ന് മഹാനായ അംബേദ്കര്‍ പറഞ്ഞത് വെറുതെയല്ല.
Next Story

RELATED STORIES

Share it