രാജ്യദ്രോഹം: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

മുംബൈ: രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നേരിടാനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ ശ്രീഹരി ആനിയാണ് ജസ്റ്റിസുമാരായ വി എം കനാഡെ, ശാലിനി ഫാന്‍സാല്‍കര്‍ ജോഷി എന്നിവരടങ്ങിയ സിവില്‍ ബെഞ്ചിനു മുമ്പാകെ സര്‍ക്കുലര്‍ പിന്‍വലിച്ചതായി ബോധിപ്പിച്ചത്. സര്‍ക്കുലറിന്റെ ഭരണഘടനാ സാധു ത ചോദ്യംചെയ്തു സമര്‍പ്പിച്ച രണ്ടു ഹരജിയില്‍ പ്രതികരണമറിയിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. പുതിയ വിജ്ഞാപനം പുറത്തിറക്കിയ കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍, പുതിയ വിജ്ഞാപനം പുറത്തിറക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിക്കു പു റത്തു മാധ്യമങ്ങളോടു പറഞ്ഞു.
സര്‍ക്കാരിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വാക്കാലോ എഴുത്തുകൊണ്ടോ വിമര്‍ശിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് സര്‍ക്കുലര്‍. സര്‍ക്കുലര്‍ പുതുക്കി ഇറക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സര്‍ക്കുലര്‍ നടപ്പാക്കുന്നത് നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു.രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയാണ് വിജ്ഞാപനത്തെ ചോദ്യംചെയ്ത് ഹരജി സമര്‍പ്പിച്ചത്. അഡ്വക്കറ്റ് നരേന്ദ്ര ശര്‍മയുടെതായിരുന്നു രണ്ടാമത്തെ ഹരജി. അഴിമതിക്കെതിരേ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു 2012 സപ്തംബര്‍ 8നാണ് ത്രിവേദിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്.
ബോംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. പിന്നീടാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ക്കെതിരാണെന്നും കാണിച്ച് കോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it