രാജ്യത്ത് 95 ശതമാനം സ്ഥലത്ത് സ്വാധീനമുണ്ടെന്ന് ആര്‍എസ്എസ്‌

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള സംഘടന തങ്ങളുടേതാണെന്ന അവകാശവാദവുമായി ആര്‍എസ്എസ്. രാജ്യത്തെ മുക്കുമൂലകളില്‍ സ്വാധീനമുള്ള ഓള്‍ ഇന്ത്യ റേഡിയോയുടെ (എഐആര്‍) റെക്കോഡ് ഭേദിച്ചെന്നാണ് സംഘടനയുടെ വാദം. എഐആറിന് രാജ്യത്തെ 92 ശതമാനം ഇടങ്ങളില്‍ സ്വാധീനമുണ്ടെങ്കില്‍ ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച അവകാശവാദമുള്ളത്.
രാജ്യമെമ്പാടും 58,976 ശാഖകളുണ്ടെന്നാണ് സംഘടനയുടെ കണക്ക്. നാഗാലാന്‍ഡ്, മിസോറാം, കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും ശക്തമായ സാന്നിധ്യമുണ്ടെന്നു പ്രതിനിധി സഭാ ആമുഖപ്രസംഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍ പറഞ്ഞു. ഓള്‍ ഇന്ത്യ റേഡിയോയുടേതിനെക്കാള്‍ മൂന്നു ശതമാനം അധികമാണ് സംഘടനയുടെ വളര്‍ച്ച.
നേരത്തേ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ ശേഷം ആര്‍എസ്എസിന്റെ അധികാരം ഗണ്യമായി വര്‍ധിച്ചെങ്കിലും 2004ലെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു താഴെയിറങ്ങിയതോടെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ പതിനായിരത്തിലുമധികം കുറവ് വന്നു. എന്നാല്‍, ബിജെപി കേന്ദ്രത്തില്‍ തിരികെ അധികാരത്തിലെത്തിയതോടെ ശാഖകളുടെ എണ്ണത്തില്‍ 40,000 ലുമധികം വര്‍ധ—നയുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്.
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) ദേശീയ ജനറല്‍ സെക്രട്ടറിയായി സുരേഷ് ജോഷി എന്ന ഭയ്യാജിയെ വീണ്ടും തിരഞ്ഞെടുത്തു. നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണു തുടര്‍ച്ചയായ നാലാം തവണയും സുരേഷ് ജോഷിയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2021 വരെയാണ് കാലാവധി.
Next Story

RELATED STORIES

Share it