രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ഒമ്പതു വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. അഞ്ച് എണ്ണവുമായി ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്. ഇവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മാനവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
1956 ലെ യുജിസി നിയമത്തിനു വിരുദ്ധമായി 22 സര്‍വകലാശാലകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുജിസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വിദേശരാജ്യങ്ങളിലെ വ്യാജ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ബിഹാര്‍, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണു മറ്റു വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി കിഷണറ്റവും വ്യാജ യൂനിവേഴ്‌സിറ്റികളുടെ പട്ടികയിലുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കേന്ദ്രം നടപടിയെടുക്കുന്നില്ലെന്ന ആരോപണം മന്ത്രി തള്ളി. ഫെഡറല്‍ സംവിധാനത്തില്‍ നിയമപരിപാലനം സംസ്ഥാനങ്ങളുടെ പരിധിയിലാണ്. സംസ്ഥാനസര്‍ക്കാരുകള്‍ക്കേ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂ. ഒരു സംസ്ഥാനവും നടപടിയെടുക്കാന്‍ കഴിയില്ലെന്നറിയിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി നോ യുവര്‍ കോളജ് എന്നപേരില്‍ പോര്‍ട്ടലും ഒരു മൊബൈല്‍ ആപ്പും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ യൂനിവേഴ്‌സിറ്റികളെയും കോളജുകളെയും കുറിച്ച് എല്ലാ വിവരങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ നിന്നു ലഭിക്കും. പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ യുജിസിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. നിരവധി വിദേശ യൂനിവേഴ്‌സിറ്റികളും ഇന്ത്യന്‍ വിദ്യാര്‍ഥികളെ കബളിപ്പിക്കുന്നുണ്ട്. ഇതു നിയന്ത്രിക്കാനാണു വിദേശകാര്യമന്ത്രാലയത്തോടു വിദേശ വ്യാജ യൂനിവേഴ്‌സിറ്റികളുടെ വിവരം ആവശ്യപ്പെട്ടത്.
നിരവധി വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ഓഫ് കാംപസ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ പലതും നിയമവിധേയമല്ല. എന്നാല്‍ നിയമവിരുദ്ധമായ കാംപസുകള്‍ അടച്ചുപൂട്ടാന്‍ യുജിസി ഉത്തരവിറക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it