Flash News

രാജ്യത്ത് വേരുറപ്പിക്കുന്നതില്‍ ഐഎസ് പരാജയപ്പെട്ടു



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ധാരാളം മുസ്്‌ലിംകളുണ്ടായിട്ടും രാജ്യത്ത് വേരുറപ്പിക്കുന്നതില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് പരാജയപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ഇതുവരെ രാജ്യത്ത് 90ലധികം ഇസ്്‌ലാമിക് സ്റ്റേറ്റ് അനുഭാവികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയത്തിന്റെ മൂന്നുവര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീര്‍ പ്രശ്‌നം അവിടത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിഹരിക്കും. അതിനായുള്ള ശ്രമം നടന്നുവരുകയാണ്. ഒറ്റ രാത്രികൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ല. അവരുടെ താല്‍പര്യങ്ങള്‍ക്കായി കശ്മീരിലെ യുവാക്കളെ ഉപയോഗിക്കാന്‍ വിഘടനവാദ സംഘടനകളെ അനുവദിക്കില്ല. ചിലര്‍ കശ്മീരികളെ പാകിസ്താന് അനുകുലമാക്കാന്‍ നോക്കുന്നുണ്ട്. എന്താണ് അവര്‍ പാകിസ്താനില്‍ കണ്ടെതെന്ന് എനിക്കറിയില്ല. പാകിസ്താന്റെ കിഴക്കു ഭാഗമാണ് ഇപ്പോള്‍ ബംഗ്ലാദേശ് ആയത്. അവര്‍ക്കത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. ബലൂചിസ്താനിലെ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല, അവര്‍ക്ക് സിന്ധിലെയും ഖൈബര്‍ പക്തൂണ്‍ഖാവയിലെയും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല. പാകിസ്താന്‍ പണം നല്‍കിയുള്ള കശ്മീരിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. എന്നാല്‍, കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ചില ചോദ്യങ്ങള്‍ക്ക് അങ്ങനെ അതെയെന്നോ അല്ലെന്നോ മറുപടി പറയാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉഡാന്‍ പദ്ധതിയുടെ കീഴില്‍ 2011-14 കാലത്ത് 1912 യുവാക്കളെ പരിശീലിപ്പിച്ചു 1519 പേര്‍ക്ക് ജോലി നല്‍കിയപ്പോള്‍ തങ്ങളുടെ സര്‍ക്കാര്‍ 20,324 പേര്‍ക്ക് പരിശീലനം നല്‍കുകയും 13,117 പേര്‍ക്ക് ജോലി നല്‍കുകയും ചെയ്തു. പാക്കധീന കശ്മീരിലെ അഭയാര്‍ഥികള്‍ക്കായി 2,000 കോടിയുടെ പദ്ധതി നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം കുറഞ്ഞതായും രാജ്‌നാഥ് പറഞ്ഞു. ഗുര്‍ദാസ്പൂരിലും പത്താന്‍കോട്ടുമായി രണ്ടു സ്‌ഫോടനം മാത്രമാണ് 3 വര്‍ഷത്തിനിടെയുണ്ടായത്. അക്രമങ്ങളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെയും അതുമൂലമുള്ള മരണത്തിന്റെ കാര്യത്തില്‍ 40 ശതമാനത്തിന്റെയും കുറവുണ്ടായി. മിന്നലാക്രമണമുണ്ടായതിനു ശേഷം കഴിഞ്ഞ ആറുമാസത്തിനിടയില്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം 45 ശതമാനം കുറഞ്ഞു. ഇടതു തീവ്രവാദത്തെ ഇല്ലാതാക്കുന്നതില്‍ 65 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അവരുടെ കീഴടങ്ങല്‍ 185 ശതമാനമായി കൂടി. നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ 2187 മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. 911 എന്‍ഡിഎഫ്ബി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഓപറേഷനുകളില്‍ 52 പേര്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it