Pathanamthitta local

രാജ്യത്ത് വര്‍ഗീയത വളര്‍ത്തി മുതലെടുപ്പിന് ശ്രമം: കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍



പത്തനംതിട്ട:  ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ണില്‍ വര്‍ഗീയത വളര്‍ത്താനാണ് ഫാസിസ്റ്റ് വക്താക്കള്‍ ശ്രമിക്കുന്നതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുന്നതെന്ന് സുധീരന്‍ പറഞ്ഞു. ഭാരതത്തില്‍ നിലനിന്നു പോന്ന ദേശീയതയും മതസൗഹാര്‍ദവും മറന്ന് ജാതിയുടെയും പ്രാദേശികതയുടെയും പേരില്‍ തമ്മിലടിപ്പിക്കുകയെന്നതാണ് വര്‍ഗീയ ശക്തികളുടെ ഉദ്ദേശം.  വര്‍ഗീയ ശക്തികള്‍ക്കെതിരേ എഴുതുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷ്. അവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ കണ്ടെത്താന്‍ പോലിസിനോ ദേശീയ അന്വേഷണ ഏജന്‍സിക്കോ ഇതേവരെ കഴിഞ്ഞിട്ടില്ല. ദലിത് ആദിവാസി സമൂഹത്തെ നിരന്തരം വേട്ടയാടുന്ന ഭരണ സംവിധാനമാണ് ഇന്നിവിടെയുള്ളത്. സംഘപരിവാരത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് ദളിത് വിഭാഗക്കാര്‍ പീഢിപ്പിക്കപ്പെടുന്നത്. ദളിത് വേട്ടയുടെ കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി യും സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരും ഏറെ വ്യത്യസ്തമല്ലെന്നും സുധീരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എംപി,  പന്തളം സുധാകരന്‍, നഗരസഭാധ്യക്ഷ രജനി പ്രദീപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it