ernakulam local

രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍

തുടര്‍ക്കഥ: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്ആലുവ: രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയായി മാറുകയും രാജ്യത്തു നടക്കുന്ന അക്രമപ്രവണതകളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ്. പൗരന്മാര്‍ക്ക് വകവച്ചുകിട്ടേണ്ട മൗലികാവകാശങ്ങള്‍പോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും ദലിത്-പിന്നാക്കക്കാര്‍ക്കും ഭീതിയോടെയല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ബീഫിന്റെയും ലവ് ജിഹാദിന്റെയും ലേബലില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് രാജ്യവാസികളെ ഭരിക്കുന്നപാര്‍ട്ടിയുടെ ഒത്താശയോടെ തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുന്നത് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുന്നതിന് ഹിന്ദുത്വ പ്രീണനനയമാണ് കൈക്കൊള്ളുന്നത്. മുസ്‌ലിം- ദലിത് വിരുദ്ധ സമീപനം ഇടതുസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിനേറ്റ അപ്രതീക്ഷിതമായ അടിയാണ്. രാജ്യത്ത് ഉടലെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉറച്ച നിലപാടുകല്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ്-ഭരണകൂട ഭീകരതയുടെ സമീപകാല ഇരകളായ ഗൗരി ലങ്കേഷ്, അഖ്‌ലാക്, കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, അഫ്‌റാസുല്‍ ഖാന്‍ എന്നിവരെ യോഗം അനുസ്മരിച്ചു. ഹാദിയയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നടത്തിയ സമര പോരാട്ടങ്ങള്‍ സമ്പൂര്‍ണ നീതി ലഭിക്കുംവരെ തുടരുവാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, സെക്രട്ടറി സുനിതാ നിസാര്‍, ബാബിയ ടീച്ചര്‍, ഫാത്തിമ, സഫ, റഹ്മത്ത്, ബിന്ദു വില്‍സണ്‍, സക്കീന സംസാരിച്ചു.
Next Story

RELATED STORIES

Share it