രാജ്യത്ത് തോട്ടിപ്പണി തുടരുന്നു

ഭോപാല്‍: നിരോധനമുണ്ടായിട്ടും രാജ്യത്ത് തോട്ടിപ്പണി തുടരുന്നു. മധ്യപ്രദേശില്‍ 36 പേര്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ സര്‍വേ കാണിക്കുന്നു. തോട്ടിപ്പണി നിരോധിച്ച 12 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. താഴ്ന്ന ജാതിയില്‍ പെട്ടവരോ ദലിതുകളോ ആണ് ഈ തൊഴില്‍ ചെയ്യുന്നത്. 1955ല്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിച്ചിരുന്നു. തോട്ടിപ്പണിയും നിരോധിച്ചു. തോട്ടിപ്പണി ചെയ്യിക്കുന്നവര്‍ക്കു ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ നിയമം പാസാക്കി.
എന്നാല്‍, ജാതി അടിസ്ഥാനത്തിലുള്ള തോട്ടിപ്പണി തടയാനുള്ള ശ്രമം കാര്യമായ ഫലം കണ്ടില്ലെന്നാണ് കേന്ദ്രത്തിന്റെ സര്‍വേ കാണിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 10,154ഉം രാജസ്ഥാനില്‍ 322ഉം തമിഴ്‌നാട്ടില്‍ 304ഉം പേര്‍ തോട്ടിപ്പണി ചെയ്യുന്നുണ്ട്. കര്‍ണാടകയില്‍ 297ഉം ഒഡീഷയില്‍ 237ഉം ഉത്തരാഖണ്ഡില്‍ 137ഉം പശ്ചിമബംഗാളില്‍ 104ഉം പഞ്ചാബില്‍ 91ഉം ആന്ധ്രപ്രദേശില്‍ 67ഉം പേര്‍ ഈ ജോലി ചെയ്യുന്നു. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍പ്പെട്ട ജോറ പട്ടണത്തിലാണ് തോട്ടിപ്പണി നിലനില്‍ക്കുന്നത്. തോട്ടിപ്പണി ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായെന്നും എന്നാല്‍, തദ്ദേശഭരണകൂടം സഹായിച്ചില്ലെന്നും സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.
നൂറിലേറെ പേര്‍ ഇവിടെ തോട്ടിപ്പണി ചെയ്യുന്നുണ്ടെന്നാണ് മുന്‍ തോട്ടിപ്പണിക്കാരനും ജോറ സഫായി കര്‍മാചരി മഹാസംഘ് അധ്യക്ഷനുമായ രമേഷ് ചന്ദ്ര ചൗഹാന്‍ പറയുന്നത്.
10 തലമുറകളായി അവര്‍ ഈ പണി ചെയ്തുവരുന്നു. പ്രതിമാസം 4000നും 5000നും ഇടയിലാണ് ഇവരുടെ വരുമാനം. 70-80 കുഴിക്കക്കൂസുകള്‍ പ്രദേശത്തുണ്ടെന്നും ചൗഹാന്‍ പറഞ്ഞു. സമൂഹത്തില്‍നിന്നും സര്‍ക്കാരില്‍നിന്നും തങ്ങള്‍ വിവേചനം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it