രാജ്യത്ത് ജനാധിപത്യ ചേരികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കമലഹാസന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമലഹാസന്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കമലഹാസനോട് ചോദിച്ചറിഞ്ഞു.
നിലവിലെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ചും ഇരുവരും സംസാരിച്ചു. മക്കള്‍ നീതി മയ്യത്തിന്റെ കോയമ്പത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാനാണ് താന്‍ വന്നതെന്ന് കമലഹാസന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മുമായി മക്കള്‍ നീതി മയ്യം സഹകരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ സംസാരിക്കാനുള്ള പ്രായം തങ്ങളുടെ പാര്‍ട്ടിക്കായിട്ടില്ലെന്നായിരുന്നു കമലഹാസന്റെ മറുപടി. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജനാധിപത്യ ചേരികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും കമലഹാസന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വെളിച്ചം രാജ്യമെങ്ങും പ്രകാശിക്കണം. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ രാജ്യമെങ്ങും ശക്തമായ പ്രതിരോധമുയരണമെന്നും കമലഹാസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it