Flash News

രാജ്യത്ത് ഗര്‍ഭഛിദ്ര നിരക്ക് കുത്തനെ ഉയര്‍ന്നു

മുംബൈ: രാജ്യത്ത് ഗര്‍ഭഛിദ്ര നിരക്ക് കുത്തനെ വര്‍ധിച്ചതായി പഠനം. 2015ല്‍ മാത്രം രാജ്യവ്യാപകമായി 1.56 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി മെഡിക്കല്‍ ജേണലായ ദി ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പുറത്തിറക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ശരാശരി ഏഴു ലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് നടന്നതെങ്കില്‍ 2015 ല്‍ ഇക്കാര്യത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്തിടെ ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ തന്നെ വന്‍ തോതില്‍ മുന്നോട്ടുവരുന്നതായും പഠനം വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പോയി ചികില്‍സ തേടുന്നവരേക്കാള്‍ ഗര്‍ഭഛിദ്രങ്ങളില്‍ 81 ശതമാനവും വീടുകളില്‍വച്ചാണ് നടക്കുന്നതെന്നും ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം തുലോം കുറവാണെന്നും ജേണല്‍ വ്യക്തമാക്കുന്നു. 1.27 കോടി (81 ശതമാനം) ഗര്‍ഭഛിദ്രങ്ങളും ഗുളികകള്‍ ഉപയോഗിച്ച് നടത്തുമ്പോള്‍ 22 ലക്ഷം (14%) ഗര്‍ഭഛിദ്രങ്ങളും ശസ്ത്രക്രിയയിലൂടെയാണ് നടത്തുന്നത്. 0.8 ദശലക്ഷം (5%) പേര്‍ സുരക്ഷിതമല്ലാത്ത മറ്റു മാര്‍ഗങ്ങളും അവലംബിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭഛിദ്ര കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതില്‍ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.4.81 കോടി ഗര്‍ഭധാരണത്തില്‍ പകുതിയോളവും അവിചാരിതമായി ഉണ്ടായതായും പഠനം പറയുന്നു. ഇന്ത്യയില്‍ 1000ത്തില്‍ 47 പേര്‍ വീതവും ഗര്‍ഭഛിദ്രത്തിന് വിധേയരാവുമ്പോള്‍ പാകിസ്താനില്‍ 50ഉം നേപ്പാളില്‍ 42ഉം ബംഗ്ലാദേശില്‍ 39ഉം പേരാണ് ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നത്. കൂടാതെ ഗര്‍ഭഛിദ്രത്തിനായി മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ശസ്ത്രക്രിയയു ടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. നേരത്തേ 12 ശതമാനം ഗര്‍ഭഛിദ്രങ്ങളും ശസ്ത്രക്രിയയിലൂടെ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് എട്ടു ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മികച്ച ഗര്‍ഭനിരോധന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ദമ്പതികളില്‍ പകുതിയിലധികം പേര്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ ശരിയാംവിധം ഉപയോഗിക്കാനറിയില്ലെന്നും പഠനം പറയുന്നു.
Next Story

RELATED STORIES

Share it