Flash News

രാജ്യത്ത് ഏകാധിപത്യവും ഭൂരിപക്ഷവാദവും ശക്തമാവുന്നു ; വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്‌



ന്യൂഡല്‍ഹി: രാജ്യത്ത് ഏകാധിപത്യവും ഭൂരിപക്ഷവാദവും ശക്തമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. രാജ്യത്തെ പ്രമുഖ പദവികള്‍ വഹിച്ച 65 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്കുള്ള ആശങ്കയാണ് പ്രകടപ്പിക്കുന്നതെന്ന് കത്തില്‍ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരല്ല തങ്ങളാരും. മുസ്്‌ലിംകളെ ലക്ഷ്യം വച്ചുള്ള മത അസഹിഷ്ണുത രാജ്യത്ത് വളര്‍ന്നിട്ടുണ്ടെന്ന് കത്ത് പറയുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്മശാനങ്ങളുടെ എണ്ണം താരതമ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. മത ഉല്‍സവങ്ങള്‍ നടക്കുമ്പോള്‍ വിവിധ മതസ്ഥരുടെ കോളനിയിലേക്ക് വൈദ്യുതി ഒരുപോലെ എത്തിക്കാറുണ്ടോയെന്ന ചോദ്യം വരെ ഉന്നയിക്കപ്പെട്ടു. ഏതെങ്കിലും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഈ പ്രചാരണങ്ങള്‍ നടന്നത്. ഗോഹത്യ നിരോധനം കൊണ്ടുവരാനുള്ള നീക്കം മുസ്്‌ലിംകളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഇത്തരത്തിലുള്ള അസഹിഷ്ണുത അക്രമാസക്തമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രാദേശിക നേതാക്കള്‍ പോലിസ് സൂപ്രണ്ടിന്റെ വീട് ആക്രമിക്കാന്‍ വരെ അണികളെ പ്രലോഭിപ്പിച്ചു. ജാഗ്രതാ വാദം വ്യാപകമായിട്ടുണ്ട്. സംശയത്തിന്റെ പേരിലാണ് അഖ്‌ലാഖ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരില്‍ നാടോടികളായ ഇടയന്‍മാര്‍ ആക്രമിക്കപ്പെട്ടു. നൂറ്റാണ്ടുകളായുള്ള കന്നുകാലികളുമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം പോലും സംശയിക്കപ്പെടുന്നു. ഗോരക്ഷാ അക്രമികള്‍ക്കെതിരേ നടപടിയുണ്ടാവുന്നില്ലെന്നത് അവര്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണയാവുന്നുണ്ട്. ജാഗ്രതാവാദക്കാര്‍ രാജ്യത്ത് പ്രോസിക്യൂട്ടറും ജഡ്ജിയും ശിക്ഷനടപ്പാക്കുന്ന ആളും എല്ലാമായി പെരുമാറുകയാണ്. ക്രമസമാധാനപാലനത്തിന് നിരവധി സംവിധാനമുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല. അതോടൊപ്പമാണ് ആന്റി റോമിയോ സ്‌ക്വാഡുകള്‍ ഇറങ്ങിയിരിക്കുന്നത്. ഒന്നിച്ചിരിക്കുന്ന യുവതി യുവാക്കളെ ആക്രമിക്കുന്നതും അപമാനിക്കുന്നതും പതിവായിരിക്കുന്നു. ഹൈദരാബാദ്, ജെഎന്‍യു സര്‍വകലാശാലകളില്‍ തുല്യതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അധികാരികളുടെ ആക്രമണം നേരിടേണ്ടി വരുന്നു. അധികാരികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതായും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് പറയുന്നു. വിദേശ സംഭാവനാ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നു. ഇതില്‍ പലതും സര്‍ക്കാരിനെതിരേ കേസ് നടത്തുന്നവരെ ഉപദ്രവിക്കാനാണ് ഉപയോഗിക്കുന്നത്. ചില നിലപാടുകളെ എതിര്‍ക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്.  അതിവൈകാരിക ദേശീയവാദവും  എതിര്‍ക്കുന്നവര രാജ്യദ്രോഹിയെന്നാരോപിക്കുന്നതും പതിവായിട്ടുണ്ടെന്നും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനും എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it