Flash News

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ റെയ്ഡ് നടത്തുകയും ചെയ്ത പോലിസിന്റെ നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. പോലിസ് സേനയെയും അന്വേഷണ ഏജന്‍സികളെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്ത് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മറ്റൊരു തെളിവാണ് ഈ അറസ്റ്റ്.
പീഡിത ജനങ്ങള്‍ക്കുവേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുകയും ബൗദ്ധിക മേഖലകളില്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ജനങ്ങള്‍ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന നിയമജ്ഞരെയും ബുദ്ധിജീവികളെയും സാമൂഹികപ്രവര്‍ത്തകരെയുമാണ് പോലിസ് ലക്ഷ്യമിട്ടിട്ടുള്ളത്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഭരണഘടനയ്‌ക്കെതിരായി എന്തെങ്കിലും ചെയ്തതായി തെളിവില്ല. അറസ്റ്റും റെയ്ഡും അധികാര ദുര്‍വിനിയോഗമാണ്.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരെയും അവരുടെ ബന്ധുക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് മോശമായ രീതിയിലാണ് പോലിസ് കൈകാര്യംചെയ്തത്. ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത് അസാധാരണവും യുക്തിരഹിതവുമായ കുറ്റങ്ങളാണ്.
അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണു ലക്ഷ്യം.
സുപ്രിംകോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും അധികാരകേന്ദ്രങ്ങള്‍ക്കെതിരേ സത്യം തുറന്നുപറയാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദലി ജിന്ന, ഇ എം അബ്ദുല്‍ റഹ്മാന്‍, കെ എം ശരീഫ്, ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സേട്ട് സംബന്ധിച്ചു.

Next Story

RELATED STORIES

Share it