രാജ്യത്ത് അസഹിഷ്ണുത രൂക്ഷം: ഷാരൂഖ് ഖാന്‍



മുംബൈ: ഇന്ത്യയില്‍ അതിരൂക്ഷമായ അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. തന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ അസഹിഷ്ണുതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. ഇത് മൂഢത്വമാണ്. ഇതൊരു നിസ്സാര പ്രശ്‌നമല്ല. ഗൗരവമുള്ള വിഷയമാണ്. രാജ്യത്ത് മതനിരപേക്ഷമല്ലാതെ ജീവിക്കുന്നതും മതവൈരം പ്രകടിപ്പിക്കുന്നതും ഒരു രാജ്യസ്‌നേഹിക്കു ചെയ്യാവുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു ലഭിച്ച പത്മശ്രീ അവാര്‍ഡ് തിരിച്ചുനല്‍കുമോ എന്ന ചോദ്യത്തിന് പ്രതീകാത്മകമായി താന്‍ അത് ചെയ്തിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയവരെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജന്മദിനത്തോടനുബന്ധിച്ച് സല്‍മാന്‍ ഖാന്‍ അടക്കം നിരവധി സുഹൃത്തുകള്‍ ഷാറൂഖ് ഖാന് ആശംസകള്‍ നേര്‍ന്നു. പുലര്‍ച്ചെ തന്നെ നടന്റെ വസതിയുടെ മുന്‍വശത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ ഷാരൂഖ് നന്ദി പറഞ്ഞു.അതേസമയം, രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ ഗൗരവപരമായി കാണണമെന്ന് ആള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സും വ്യക്തമാക്കി. വിഷ്ണു ബന്ദു ഗുപ്തയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ മുന്നറിയിപ്പ് നല്‍കിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസഹിഷ്ണുതയ്‌ക്കെതിരേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ പ്രസ്താവനയെ യോഗം സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it