Pravasi

രാജ്യത്തെ വെള്ളത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ പരീക്ഷണം



ദോഹ: ഖത്തറിന്റെ സമുദ്ര സമ്പത്തിനെയും വെള്ളത്തിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങളെയും കൂടുതല്‍ മനസ്സിലാക്കാന്‍ പഞ്ചവല്‍സര പദ്ധതി പ്രഖ്യാപിച്ചു. ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കാനഡയിലെ യോര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെയും ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന് തുടക്കമാവും.ഖത്തറിന്റെ ചരിത്രത്തില്‍ സമുദ്ര ഗവേഷണം അപൂര്‍വ്വ സംഭവമാണ്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറില്‍ ഒരു കാലത്ത് പ്രധാന വരുമാന മാര്‍ഗം സമുദ്രമായിരുന്നു. മീന്‍പിടിത്തത്തെയും മുത്തുവാരലിനെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന കാലം പോയെങ്കിലും സമുദ്രത്തിനടിയില്‍ ഇപ്പോഴും നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. മല്‍സ്യങ്ങള്‍, കടല്‍പ്പന്നികള്‍, മറ്റ് ജന്തുക്കള്‍ എന്നിവയ്ക്കു പുറമേ അപൂര്‍വ്വമായ പവിഴപ്പുറ്റുകളുമൊക്കെ ഗവേഷണ പരിധിയില്‍ വരും. രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതിനെ ഭാവിയുമായി ബന്ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണു  പ്രതീക്ഷയെന്ന് ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ ബിന്‍ റാഷിദ് അല്‍ദിര്‍ഹം പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധര്‍ സമുദ്രത്തിന്റെ പുരാവസ്തു സ്വഭാവങ്ങള്‍ പഠന വിധേയമാക്കും. ഖത്തറിലെ മുങ്ങല്‍ വിദഗ്ധരെയും ഇതിന്റെ ഭാഗമാക്കും. ഗവേഷണം പൂര്‍ത്തീകരണത്തിലെത്തുമ്പോഴേക്കും രാജ്യത്തിന്റെ സമുദ്രത്തിനിടയിലുള്ള പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ രേഖ തയ്യാറാവും. അവയുടെ ലൊക്കേഷന്‍ മാപ്പ് ചെയ്യുകയും പൊതുജനങ്ങള്‍ക്ക് കൂടി അത് പ്രാപ്യമാവുമോ എന്നു പരിശോധിക്കുകയും ചെയ്യും. ആധുനിക റിമോട്ട് സെന്‍സര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളത്തിനടിയിലെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് മാപ്പിങ് തയ്യാറാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പ്രജനന, മല്‍സ്യബന്ധന കാലങ്ങളെക്കുറിച്ചും സമുദ്ര ജീവിതത്തിന്റെ മറ്റു വശങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it