രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും സുപ്രിംകോടതി. സര്‍വത്ര അഴിമതിയാണ്, തങ്ങള്‍ നിസ്സഹായരാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളിലായി 550 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. കേസില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിലും പിഴവുകളുണ്ട്. മെഡിക്കല്‍ കൗണ്‍സിലില്‍ ചില കരിങ്കാലികളുണ്ടെന്നും ആരാണെന്ന് പരസ്യമായി പറയുന്നില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വയനാട്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാണിയംകുളം, പാലക്കാട്, എസ് ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവയിലെ പ്രവേശന നടപടികള്‍ സുപ്രിംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.
കോളജുകളിലെ സൗകര്യങ്ങള്‍ ഉടനടി പരിശോധിച്ചു കൂടേയെന്ന് കോടതി ചോദിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഇതിനെ എതിര്‍ത്തു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളജിന് ആവശ്യമായ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളജുകള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചിരുന്നത്. ഇതിനെതിരേ കോളജുകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിക്കൊണ്ട് പ്രവേശന നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിച്ചത്.



Next Story

RELATED STORIES

Share it