Flash News

രാജ്യത്തെ മികച്ച 10 പോലിസ് സ്റ്റേഷനുകളില്‍ വളപട്ടണവും

തിരുവനന്തപുരം: രാജ്യത്തെ മികച്ച പത്ത് പോലിസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂരിലെ വളപട്ടണം പോലിസ് സ്റ്റേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ കാര്യക്ഷമത, ക്രമസമാധാന പരിപാലനത്തിലെ ജാഗ്രത, പോലിസും ജനങ്ങളും തമ്മിലുള്ള ബന്ധം, ശുചിത്വം, വാറന്റ് നടപ്പാക്കല്‍ തുടങ്ങി മുപ്പതോളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മികച്ച പോലിസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരം മാനദണ്ഡങ്ങള്‍ പരിഗണിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കിയശേഷം, ഇതിലുള്‍പ്പെട്ട സ്റ്റേഷനുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ര്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുക്കുന്നത്. 1905ലാണ് വളപട്ടണം പോലിസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതും പോലിസുകാരുടെ ജനകീയ ഇടപെടലും വളപട്ടണം പോലിസ് സ്റ്റേഷന് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായി.  കണ്ണൂര്‍ സബ്ഡിവിഷനിലെ വളപട്ടണം സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ 53 പോലിസുകാരാണ് ഈ നേട്ടം കൈവരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. പോലിസ് സേനയ്ക്കാകെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച വളപട്ടണം പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it