Pathanamthitta local

രാജ്യത്തെ ഏകധ്രുവ സമൂഹമാക്കി മാറ്റാന്‍ ഗൂഢശ്രമം: പോപുലര്‍ ഫ്രണ്ട്

ചുങ്കപ്പാറ: നാനാത്വത്തില്‍ ഏകത്വമെന്ന ഉദാത്തമായ സിദ്ധാന്തത്തെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ ഏകധ്രുവ സമൂഹമാക്കി മാറ്റാനുള്ള ആസൂത്രിതമായ നീക്കം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ബി നൗഷാദ്. ഇതിനെതിരേ എല്ലാ പൗരാവകാശ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കൈക്കോര്‍ത്തു നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന അസഹിഷ്ണുത നിലപാടുകള്‍ക്ക് കാരണം അതിന്റെ തലപ്പത്ത് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസമാണെന്നതാണ്. രണ്ടുപതിറ്റാണ്ടുകാലമായി പോപുലര്‍ഫ്രണ്ട് രാജ്യത്ത് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. അതിന്റെ പേരിലാണ് പോപുലര്‍ ഫ്രണ്ടിനെതിരേ തീവ്രവാദ മുദ്രചാര്‍ത്തിയത്.
ഇന്ന് മാനവീകതയോട് അല്‍പമെങ്കിലും കൂറുള്ളവര്‍ സംസാരിച്ചുക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടാവസ്ഥയെ കുറിച്ചാണ്. ജെഎന്‍യു സമരവും രോഹിത് വെമൂലയുടെ ആത്മഹത്യയും വിളിച്ചുപറയുന്നത് അതാണ്.
യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്കെതിരേ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് പോപുലര്‍ഫ്രണ്ട്. സംസ്ഥാനത്ത് ആദ്യമായി യുഎപിഎ നടപ്പാക്കിയ സിപിഎമ്മിന് ഒരു കാവ്യനീതിപോലെ ഇന്ന് അതിനെതിരേ പ്രതിഷേധിക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം സലീം കരമന മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മായില്‍, കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചന്‍ തോമസ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബു ഉബൈദ്, കോട്ടാങ്ങല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഹനീഫ എ എം, ചുങ്കപ്പാറ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അന്‍സാരി എ എം, ഡോ. ഫൗസീന തക്ബീര്‍ (എന്‍ഡബ്ല്യുഎഫ്), എസ് മുഹമ്മദ് റാഷിദ് (കാംപസ്ഫ്രണ്ട് ഓഫ് ഇന്ത്യ), പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എം കെ മുഹമ്മദാലി മൗലവി, സ്വാഗതസംഘം കണ്‍വീനര്‍ റിജാസ് പടുതോട് സംസാരിച്ചു. കോട്ടാങ്ങല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ചില്‍ നൂറുകണക്കിനു കേഡറ്റുകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it