രാജ്യത്തെ ഇടതുബദലിന് കേരളം മാതൃകയാവണമെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: രാജ്യത്തെ ഇടതുപക്ഷ ബദലിന് കേരളം മാതൃകയാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ ഇടതുപക്ഷ ബദല്‍ കേരളത്തിലെ ഇടതു ബദലിനെ ആശ്രയിച്ചാണിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കുന്ന കേന്ദ്രത്തിന്റെ നടപടികളെ പ്രതിരോധിക്കാനും ഒരു ഇടതുബദല്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതു സാധ്യമാവണമെങ്കില്‍ കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണം. സിപിഎമ്മിന്റെ നാലാം കേരളപഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കേണ്ടതുണ്ട്. ഫെഡറലിസത്തെ വെല്ലുവിളിച്ച് മോദി ഭരണം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേല്‍ കടന്നുകയറുകയാണ്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി ഫണ്ട് നല്‍കുന്നുവെന്നാണു പ്രചാരണം. എന്നാല്‍, വസ്തുത ഇതിനു വിരുദ്ധമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വരവിന് കേന്ദ്രം തടയിട്ടു. ഒരു വശത്ത് നവ ഉദാരവല്‍ക്കരണവും മറുവശത്ത് വര്‍ഗീയ ധ്രുവീകരണത്തിനുമാണ് മോദി ഭരണം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്കു മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
ജനകീയാസൂത്രണമെന്ന ആശയം ആദ്യ കേരളപഠന കോണ്‍ഗ്രസ്സില്‍ ഇഎംഎസ് അവതരിപ്പിച്ചതാണ്. അത് 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു. എന്നാല്‍, പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ അതിനെ ഇല്ലാതാക്കി. കേന്ദ്രനയങ്ങള്‍ കാരണം കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ അവയെ വീണ്ടും നഷ്ടത്തിലേക്കു കൂപ്പുകുത്തിച്ചെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി- കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, നിയുക്ത ക്യൂബന്‍ അംബാസഡര്‍ ഓസ്‌കാര്‍ മാര്‍ട്ടിനസ്, പഫ. പ്രഭാത് പട്‌നായിക്, ഡോ. കെ എന്‍ പണിക്കര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it