രാജ്യത്തെ ആദ്യ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍; 10,000ത്തോളം തൊഴിലവസരങ്ങള്‍

കൊച്ചി: കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലുപ്പം കൊണ്ടുമാത്രമല്ല അതുല്യമായ സവിശേഷതകകള്‍ക്കൊപ്പം ഓയില്‍, ഗ്യാസ് ഉല്‍പാദനമില്ലാത്ത ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെടുന്നുവെന്നതുകൂടി കണക്കിലെടുക്കുമ്പോഴാണ് പദ്ധതി രാജ്യത്തെ ആദ്യത്തേതാവുന്നത്. 4.37 ഏക്കറില്‍ 7.61 ലക്ഷം ചതുരശ്ര അടിയില്‍ വിഭാവനം ചെയ്യപ്പെടുന്ന നിര്‍ദിഷ്ട എനര്‍ജി ക്ലസ്റ്റര്‍ ഊര്‍ജമേഖലയിലെ രാജ്യാന്തര ഭീമന്‍മാരെ ആകര്‍ഷിക്കുമെന്ന് മാത്രമല്ല യോഗ്യരായ 10,000ത്തോളം പേര്‍ക്ക് ഉന്നത തൊഴിലവസരങ്ങളും ലഭ്യമാവും. താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്‍ജോല്‍പാദനം നടത്തുന്നതിന് സഹായകമായ നൂതനാശയങ്ങളും സംരംഭങ്ങളും വികസിപ്പിക്കുകയെന്നതായിരിക്കും ക്ലസ്റ്ററിന്റെ പ്രധാന ലക്ഷ്യം.
എണ്ണ-വാതക കമ്പനികളും റിന്യൂവബ്ള്‍ എനര്‍ജി സ്ഥാപനങ്ങളും ഓയില്‍ ഫീല്‍ഡ് സര്‍വീസ് കമ്പനികളും സാങ്കേതികവിദ്യാ ദാതാക്കളുമായിരിക്കും ക്ലസ്റ്ററിലെത്താന്‍ പോവുന്ന ആഗോള സംരംഭങ്ങള്‍. ഡിജിറ്റല്‍ ടെക്‌നോളജി ലാബുകള്‍, ടെസ്റ്റിങ് സെന്ററുകള്‍, സാങ്കേതികവിദ്യകളും സേവനങ്ങള്‍ ലഭ്യമാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, ക്ലൗഡ് (റിമോട്ട്) പ്രവര്‍ത്തന സഹായം സംവിധാനങ്ങള്‍, അടിസ്ഥാനസൗകര്യം, എന്‍ജിനീയറിങ് , വിതരണ ശൃംഖലകളുടെ കൈകാര്യം തുടങ്ങിയ സേവനങ്ങളും ക്ലസ്റ്റര്‍ നല്‍കും.
ആഗോള ഊര്‍ജ ഭീമന്‍മാര്‍ക്കായി റിയല്‍ടൈം ഓപറേഷന്‍ സപോര്‍ട്ട് സെന്ററുകളും ഇതിലുള്‍പ്പെടും. റിന്യുവബ്ള്‍ എനര്‍ജി, ഐടി ഉള്‍പ്പെടെയുള്ള ഊര്‍ജമേഖലയിലെ ആഗോള പ്രമുഖരുടെ സംയുക്ത ശക്തിയും അനുഭവസമ്പത്തും കേരളത്തിലെ പരിശീലനയോഗ്യരുടെ തൊഴില്‍സമ്പത്തും ആഗോള ഊര്‍ജ്ജ കമ്പനികള്‍ക്ക് കേരളത്തിന്റെ വാതിലുകള്‍ തുറന്നിടുമെന്നും അത് നൂതനവും കേരളത്തിന് അനുയോജ്യമായതുമായ സവിശേഷ വികസനത്തിന്റെ പുതിയ തരംഗം സൃഷ്ടിക്കുമെന്നും കൊച്ചി സ്മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
പ്രമുഖരായ ഏതാനും ആഗോള കമ്പനികള്‍ ക്ലസ്റ്ററില്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താവും ക്ലസ്റ്ററിന്റെ അന്തിമരൂപകല്‍പ്പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it