malappuram local

രാജ്യത്തിനുവേണ്ടി കളിക്കണമെന്നതാണ് സ്വപ്നം: ആഷിഖ് കുരുണിയന്‍

മലപ്പുറം: ഇന്ത്യയുടെ ദേശീയ ടീമിനായി കളിക്കണമെന്നതാണ് തന്റെ വലിയ ആഗ്രഹവും സ്വപ്‌നവുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ്‌സി പുണെ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിരവധി അവസരങ്ങളുണ്ടെന്നാണു വിദേശ കളിക്കാരുടെ നിരീക്ഷണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ച ടീമിനെ സൃഷ്ട്ടിക്കാന്‍ നമുക്കാകും.വിദേശ രാജ്യങ്ങളില്‍ വിദേശ താരങ്ങളോടൊപ്പം കളിക്കണമെന്നതും തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ആഷിഖ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി ഗസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ ആഷിഖ്. അടുത്ത രണ്ട് വര്‍ഷംകൂടി ഐഎസ്എല്ലില്‍ പൂനെ എഫ്‌സിക്ക് വേണ്ടി കളിക്കും. ക്ലബ്ബ് മാറ്റമൊന്നും ചിന്തിക്കുന്നില്ല. കരിയറില്‍ മികച്ച അനുഭവങ്ങളുണ്ടായതു പുണെയില്‍ നിന്നാണ്, അവിടെ തുടരാനാണു താത്പര്യം.കേരളത്തിലെ ടീമിനു വേണ്ടി തന്നെ കളിക്കണമെന്ന് ആഗ്രഹമില്ല. ഏത് ടീമിലായാലും ഫുട്ബാള്‍ രംഗത്തുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ആഷിഖ് പറഞ്ഞു.
ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് ഐഎസ്എല്‍ മികച്ച അവസരവും പ്രചോദനവുമാണ്. വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് ശൈലി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്കുന്നതാണ് വിദേശ രാജ്യങ്ങളിലെ കളിമികവിന് പ്രധാന കാരണം. കേരളത്തിലും അഞ്ചു വയസുമുതലുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രത്യേക അക്കാദമികള്‍ വരേണ്ടതുണ്ട്. മലപ്പുറം എംഎസ്പിയുമായി സഹകരിച്ച് പുതിയ ഫുട്ബാള്‍ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് പൂനെ എഫ്‌സി ടീം മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എംഎസ്പിയില്‍ കളിച്ചു പഠിച്ച താനടക്കമുള്ള മൂന്നു പേര്‍ ഇപ്പോള്‍ ദേശീയതലത്തില്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട്. മലപ്പുറത്തിന്റെ ഫുട്ബാള്‍ കമ്പം ഐഎസ്എല്ലിലെ പല ടീമുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആഷിഖ് പറഞ്ഞു. പാണക്കാട് യു പി സ്‌കൂളിലെ കായികാധ്യാപകന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് തനിക്ക് ഫുട്ബാളില്‍ ബാലപാഠമായത്.  പിന്നീട് എംഎസ്പി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പരിശീലനവും ഗുണകരമായി. വിഷന്‍ ഇന്ത്യ ഫുട്ബാള്‍ പദ്ധതിയിലെ പരിശീലനം ദേശീയതലത്തില്‍ കളിക്കുന്നതിനുള്ള ചവിട്ടുപടിയായെന്നും ആഷിഖ് പറഞ്ഞു. മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷനായി.
കെ പി എം റിയാസ് അഥിതിയെ പരിചയപ്പെടുത്തി. ജോമിച്ചന്‍ ജോസ് ആഷിഖിന് ഉപഹാരം നല്‍കി. സി വി മുഹമ്മദ് നൗഫല്‍ നന്ദി പറഞ്ഞു. മലപ്പുറം ഫുട്ബാള്‍ ലൗവേഴ്‌സ് ഫോറം പ്രസിഡന്റ് ഷൗക്കത്ത് ഉപ്പൂടന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it