Flash News

രാജ്യം വിടുന്നതിനു മുമ്പ് ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മല്യ

ന്യൂഡല്‍ഹി: കോടികള്‍ തട്ടിച്ച് രാജ്യംവിട്ട വിജയ് മല്യ പോവും മുമ്പ് കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിനു മുമ്പ് ഒത്തുതീര്‍പ്പ് ഉപാധികളുമായി താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി.
9,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട മല്യയുടെ പ്രസ്താവന കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ജെയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ മല്യ തയ്യാറായില്ല. അതേസമയം, വാര്‍ത്ത അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.
മല്യയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഇയാള്‍ ആരുടെ അനുമതിയോടെയാണ് രാജ്യംവിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മല്യയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
15,000 കോടി രൂപയുടെ സ്വത്തുക്കള്‍ കര്‍ണാടക ഹൈക്കോടതിയുടെ മുന്നില്‍ വച്ച് കടങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞത് കേട്ടില്ല. ഞാന്‍ യഥാര്‍ഥത്തില്‍ ബലിയാടാവുകയായിരുന്നു- മല്യ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ജനീവയില്‍ ഒരു യോഗം ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യ വിട്ടത്. അതിനു മുമ്പായി ബാങ്കുകളിലെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ഉപാധികളുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 2014 മുതല്‍ വിജയ് മല്യക്ക് ഒരുതരത്തിലുള്ള കൂടിക്കാഴ്ചാ അനുമതിയും നല്‍കിയിരുന്നില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യസഭാ അംഗമായിരുന്ന മല്യ സഭയില്‍ സാധാരണ വരാറുണ്ടായിരുന്നു. ഒരിക്കല്‍ സഭയില്‍നിന്ന് ഇറങ്ങി തന്റെ മുറിയിലേക്ക് പോകവെ മല്യ ഒപ്പമെത്തി ഒത്തുതീര്‍പ്പിനുള്ള ഉപാധി വയ്ക്കാമെന്നു പറഞ്ഞു. എന്നാല്‍, സംഭാഷണം തുടരാന്‍ താന്‍ അനുവദിച്ചില്ല. ഇത്തരം ഉപാധികള്‍ വായ്പയെടുത്ത ബാങ്കുകളുടെ മുന്നിലാണ് വയ്‌ക്കേണ്ടതെന്നു പറഞ്ഞ് താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it