രാജ്യം അത്യുഷ്ണത്തിന്റെ പിടിയില്‍; 150 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലായി. കൊടും ചൂടുമൂലം രാജ്യത്ത് ഇതേവരെ 150 പേര്‍ മരിച്ചു. ഇതില്‍ പകുതിയിലേറെ മരണവും ഒഡീഷയിലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മധ്യ, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ഒഡീഷയിലെ ടിറ്റ്‌ലഗഡിലാണ്- 47 ഡിഗ്രി സെല്‍ഷ്യസ്. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും കൊടുംചൂടിന്റെ പിടിയിലാണ്. തെലങ്കാനയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത നാലു ദിവസം ചൂടുകൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തെലങ്കാനയിലെ അദിലാബാദ്, നിസാമാബാദ്, കരിംനഗര്‍, മേഡക്, നല്‍ഗോണ്ട ജില്ലകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ സോണാപൂരില്‍ 46.3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണു രേഖപ്പെടുത്തിയത്. പശ്ചിമ ഒഡീഷയിലെ മിക്ക പ്രദേശത്തും 44 ഡിഗ്രിക്കു മുകളിലാണ് ചൂട്.
കടുത്ത ചൂട് അനുഭവപ്പെടുന്ന പശ്ചിമബംഗാളില്‍ സൂര്യാഘാതം മൂലം ബിര്‍ഭും, ഹൗറ ജില്ലകളില്‍ രണ്ടുപേര്‍ മരിച്ചു. ബങ്കുരയില്‍ 45 ഡിഗ്രിയും കൊല്‍ക്കത്തയില്‍ 39 ഡിഗ്രിയുമാണ് ചൂടു രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഏപ്രില്‍ 30ന് 44 ഡിഗ്രി ചൂട് അനുഭവപ്പെടുമെന്നാണു പ്രവചനം. ഹരിയാനയിലെ ഹിസാര്‍, ഉത്തര്‍പ്രദേശിലെ അലഹബാദ്, മഹാരാഷ്ട്രയിലെ ബ്രഹ്മപുരി, നാഗ്പൂര്‍, വാര്‍ധ മേഖലകളിലും കനത്ത ചൂടു രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it