kannur local

രാജേഷ് വധം; പ്രതി പോലിസിനെ വെട്ടിച്ച് കോടതിയില്‍

തലശ്ശേരി: മൂന്നു മാസം മുമ്പ് തലശ്ശേരി മേലൂട്ട് റെയില്‍വേ മേല്‍പ്പാലം പരിസരത്ത് കതിരൂര്‍ പുല്യോടി ചോയ്യാടത്തെ രാജേഷ് നിലയത്തില്‍ പോത്തങ്കണ്ടി രാജേഷിനെ ചെത്തുകല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലിസ് തിരയുന്ന പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങി.
മുഴപ്പിലങ്ങാട് കുളം ബസാറിനടുത്തു വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന റിയാസ് എന്ന കുയ്യാലി റിയാസാ(30)ണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ മൂന്നു മാസങ്ങളായി പിന്തുടരുന്നു ഇയാള്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശ്ശേരി പോലിസ് കോടതിയെ സമീപിച്ചു.
ഇക്കഴിഞ്ഞ ജുലൈ 31ന് രാത്രിയിലാണ് മേലൂട്ട് മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്തുള്ള പറമ്പില്‍ രാജേഷിനെ കണ്ടെത്തിയത്. ചെവിയിലും ഇരു കാലുകളിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പോക്കറ്റടി, പിടിച്ചുപറി, മദ്യപിച്ചു തമ്മില്‍ തല്ല് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ രാജേഷ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ റിയാസ് അടക്കമുള്ള രാജേഷിന്റെ സുഹൃത്തുക്കള്‍ നഗരത്തില്‍ നിന്നു മുങ്ങി.
ഇവരില്‍ പിണറായി പാറപ്രത്തെ മദീഷാ മന്‍സിലില്‍ സി നൗഫല്‍, ചാലിലെ മുസ്തഫ മന്‍സിലില്‍ അറഫാത്ത് എന്നിവരെ കഴിഞ്ഞ ആഗസ്ത് 22ന് ആന്ധ്രയിലെ ഓങ്കോളിലുള്ള ഹോട്ടലില്‍ നിന്നു തലശ്ശേരി പോലിസ് പിടികൂടി. പിടികൂടിയവരുടെ മൊഴിയില്‍ നിന്നു റിയാസ് ചെന്നൈയില്‍ നിന്നു വഴിപിരിഞ്ഞതായി സൂചന ലഭിച്ചു. ചെന്നൈയിലെ സത്യസായ്ബാബ ട്രസ്റ്റ് പരിസരത്ത് നിന്നു തമ്മിലടിച്ച ശേഷം നൗഫലും അറഫാത്തുമായി തെറ്റിപ്പിരിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. നൗഫലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു പോലിസ് പറയുന്നത്. കൊല നടക്കുന്നതിന്റെ തലേന്ന് രാജേഷും നൗഫലും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. മദ്യക്കുപ്പി കൊണ്ട് രാജേഷ് നൗഫലിനെ ആക്രമിച്ചു. കഴുത്തിന് കുത്തേറ്റ് ആശുപത്രിയില്‍ നിന്ന് തുന്നി കെട്ടേണ്ടി വന്ന നൗഫലിന്റെ പ്രതികാരണു കൊലപാതകത്തില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it