Pathanamthitta local

രാജു ഏബ്രഹാമിന് 46.79 ലക്ഷത്തിന്റെ ആസ്തി; ഭാര്യക്ക് 17.69 ലക്ഷം

പത്തനംതിട്ട: റാന്നി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജു ഏബ്രഹാം അടക്കം ജില്ലയില്‍ ഇന്നലെ രണ്ടു പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റാന്നി മണ്ഡലം അസി.റിട്ടേണിങ് ഓഫിസര്‍ റാന്നി ബിഡിഒ കെ സി രാജുവിനു മുമ്പാകെയാണ് രാജു ഏബ്രഹാം പത്രിക സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ചരളേല്‍, സെക്രട്ടറി പി എസ് മോഹനന്‍, കണ്‍വീനര്‍ എം വി വിദ്യാധരന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് രാജു ഏബ്രഹാമിന് വേണ്ടി സമര്‍പ്പിച്ചത്. പി ആര്‍ പ്രസാദാണ് പത്രികയില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശം നടത്തിയിട്ടുള്ളത്.
നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 46.79 ലക്ഷം രൂപയുടെ ആസ്തിയാണ് രാജു ഏബ്രഹാമിന് സ്വന്തം പേരിലുള്ളത്. മലയാളം കമ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഷെയര്‍, കാര്‍, മോതിരം, വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്.
ഇതിനു പുറമേ ഭാര്യ ടീന ഏബ്രഹാമിന്റെ പേരില്‍ 3.5 ലക്ഷം രൂപ വിലവരുന്ന കാറും 80 ഗ്രാം സ്വര്‍ണാഭരണങ്ങളും വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളും അടക്കം 17.69 ലക്ഷത്തിന്റെ ആസ്തികളും ഉണ്ട്.
ബ്ലോക്ക് പടിയില്‍ നിന്നു പ്രവര്‍ത്തകരോടൊപ്പം പ്രകടനമായാണ് രാജു ഏബ്രഹാം പത്രിക സമര്‍പ്പിക്കാന്‍ റാന്നി ബ്ലോക്കോഫീസിലെത്തിയത്. എല്‍ഡിഎഫ് നേതാക്കളായ പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, അഡ്വ. ലിറ്റി തോമസ്, അലക്‌സ് ളാഹയില്‍, അഡ്വ. റോഷന്‍ റോയിമാത്യു, അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, എസ് ഹരിദാസ്, മത്തായി ചാക്കോ, കോമളം അനിരുദ്ധന്‍, ബിനു തെളളിയില്‍ നേതൃത്വം നല്‍കി.
തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചെറിയാന്‍ എം വിയും ഇന്നലെ പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം ഒമ്പതായി.
Next Story

RELATED STORIES

Share it