Flash News

രാജീവ് വധക്കേസ് : മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റെന്ന് ജഡ്ജി



കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വ. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി നിരസിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ തന്നെ വിമര്‍ശിച്ചെന്ന ചില ദൃശ്യ മാധ്യമങ്ങളുടെ വാര്‍ത്ത തള്ളി ജസ്റ്റിസ് പി ഉബൈദ്. മറ്റൊരു ജാമ്യ ഹരജി പരിഗണിക്കവേ കോടതി മുറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ഈ വാര്‍ത്തയില്‍ ജഡ്ജി അതൃപ്തി രേഖപ്പെടുത്തിയത്. ഒരു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ മറ്റൊരു സിംഗിള്‍ ബെഞ്ചിനു വിമര്‍ശിക്കാനാവില്ല. സിംഗിള്‍ ബെഞ്ചിന്റെ ജുഡീഷ്യല്‍ ഉത്തരവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോ സുപ്രിംകോടതിക്കോ മാത്രമാണ് ഇടപെടാനാവുക. ഭരണപരമായ കൂടുതല്‍ അധികാരമുണ്ടെന്നതൊഴിച്ചാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം സമന്‍മാരാണ്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ അറസ്റ്റും അന്വേഷണവും തടയുന്ന തരത്തിലുള്ള ഉത്തരവുണ്ടാവരുതെന്ന നിരീക്ഷണം സിംഗിള്‍ബെഞ്ച് നടത്തിയിരുന്നു. ഇത് പൊതു നിരീക്ഷണമാണ്. തനിക്കെതിരായ വ്യക്തിപരമായ പരാമര്‍ശമല്ല. എന്നാല്‍, ഈ നിരീക്ഷണത്തോട് തനിക്ക് വിയോജിപ്പുണ്ട്. രാജീവ് വധക്കേസില്‍ ഒക്ടോബര്‍ മൂന്നിന് നല്‍കിയ ഇടക്കാല ഉത്തരവിനെ ചോദ്യംചെയ്ത് രാജീവിന്റെ മാതാവ് നല്‍കിയ പരാതിയിലും തന്റെ പേര് ചില മാധ്യമങ്ങള്‍ പരാമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യ ഹരജി വീണ്ടും പരിഗണിക്കാന്‍ തിയ്യതി നിശ്ചയിച്ചപ്പോള്‍ എല്ലാ കക്ഷികളോടും ചോദിച്ചിരുന്നുവെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it