Flash News

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കില്ലെന്ന് കേന്ദ്രം

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കില്ലെന്ന് കേന്ദ്രം
X
rajiv

[related]

ചെന്നൈ:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 20 വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ച ഏഴുപേരെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചു. നിയമകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ചാണ് തമിഴ്‌നാടിന് മറുപടി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, 20 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. ഇതു സംബന്ധിച്ച് തടവുകാരുടെ അപേക്ഷ ലഭിച്ചുവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ ജയലളിത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതു രണ്ടാം തവണയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. 2014ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തും ഇതേ ആവശ്യവുമായി ജയലളിത സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
നിയമോപദേശം തേടിയശേഷം അന്നും ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജയലളിത സര്‍ക്കാര്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുള്ളത്. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ദയാഹരജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രിംകോടതി നേരത്തേ ഇളവ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ റോബര്‍ട്ട് പയസ്, ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരടക്കം ഏഴുപേരെ ജയില്‍ മോചിതരാക്കണം എന്ന് ജയലളിത സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it