രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ ദയാഹരജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കി. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സുപ്രിംകോടതിയുടെ നടപടി.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതോടെ എ ജി പേരറിവാളന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളുടെയും മോചനത്തിന് വഴിയൊരുങ്ങിയേക്കും.
രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചതിനെ തുടര്‍ന്ന് 2014ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി കേസിലെ പ്രതികള്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു അന്നത്തെ ജയലളിത സര്‍ക്കാരിന്റെ തീരുമാനം.
2015 ഡിസംബര്‍ 30ന് പേരറിവാളന്‍ നല്‍കിയ ദയാഹരജിയില്‍ ഗവര്‍ണര്‍ ഇതുവരെയും തീരുമാനമെടുത്തിരുന്നില്ല. ഈ ഹരജി ഗവര്‍ണര്‍ക്കു പരിഗണിക്കാമെന്നാണ് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയത്. തങ്ങളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയിലെ ഹരജി തീര്‍പ്പാക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാലും ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമപ്രകാരം ഇതു പ്രയോഗിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഈ ആവശ്യമാണ് സുപ്രിംകോടതി അംഗീകരിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികളെ മോചിപ്പിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ദയാഹരജി സ്വീകരിക്കുന്നത് അടക്കമുള്ള രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കുമുണ്ടെന്നും അടിവരയിടുന്നതാണ് സുപ്രിംകോടതിയുടെ വിധി.
1991 മെയ് 21ന് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ വി ശ്രീഹരന്‍ എന്ന മുരുകന്‍, ടി സുതേന്ദ്രരാജ എന്ന ശാന്തന്‍, എ ജി പേരറിവാളന്‍ എന്ന അറിവ്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍, നളിനി എന്നിവര്‍ 25 വര്‍ഷമായി തടവുശിക്ഷ അനുഭവിച്ചുവരുകയാണ്.
2014 ഫെബ്രുവരി 18ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇവരുടെ ദയാഹരജിയില്‍ തീരുമാനമെടുക്കുന്നത് വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതേത്തുടര്‍ന്നാണ് അന്നത്തെ ജയലളിത സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it