രാജീവ് ഗാന്ധി വധം പ്രതികളെ വെറുതെ വിടണമെന്ന ആവശ്യം പരിഗണനയിലെന്ന് മന്ത്രി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലിലുള്ള ഏഴു പേരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച് വരുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് തമിഴ്‌നാട് കേന്ദ്രത്തിന് കത്തയച്ചത്. സംസ്ഥാനം ഇവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ചട്ടപ്രകാരം കേന്ദ്രത്തിന്റെ അഭിപ്രായം ആരായല്‍ അനിവാര്യമായതിനാലാണ് കത്തയക്കുന്നതെന്നും തമിഴ്‌നാട് കത്തില്‍ വ്യക്തമാക്കി.
കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രിംകോടതി റദ്ദാക്കിയതിനു ശേഷവും ജയലളിതാ സര്‍ക്കാര്‍ ജയിലിലുള്ള ഏഴു പേരെയും വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച യുപിഎ സര്‍ക്കാര്‍ ജയില്‍ മോചനത്തിന് പ്രതികൂലമായ വിധി സമ്പാദിക്കുകയായിരുന്നു.
20 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ തമിഴ്‌നാട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചരുന്നു. നേരത്തേ വിഷയം സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തമിഴ്‌നാട് സര്‍ക്കാരിന്റെ കത്ത് പരിഗണിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായം ഇല്ലെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും രാജീവ് ഗാന്ധിയുടെ മകന്‍ കൂടിയായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.തമിഴ്‌നാട്ടില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ജയലളിതാ സര്‍ക്കാരിന്റെ കത്തിനും അതിന്മേലുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനും വലിയ പ്രാധാന്യമുണ്ട്.
Next Story

RELATED STORIES

Share it