രാജീവ് ഗാന്ധി വധംപേരറിവാളന് ദയാവധം നല്‍കണം: അര്‍പുതം അമ്മാള്‍

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന തന്റെ മകന്‍ എ ജി പേരറിവാളന് ദയാവധം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ അര്‍പുതം അമ്മാള്‍. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അര്‍പുതം അമ്മാള്‍. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നീ ഏഴു പ്രതികളാണ് കഴിഞ്ഞ 25 വര്‍ഷത്തിലേറെക്കാലമായി ജയിലില്‍ കഴിയുന്നത്. ദീര്‍ഘകാലത്തെ നിയമയുദ്ധങ്ങളിലും പുതിയ സംഭവവികാസത്തിലും ഞങ്ങള്‍ നിരാശരാണ്. ഇങ്ങനെ ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ കൊല്ലണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹരജി നല്‍കാന്‍ പോവുകയാണ് ഞാന്‍- അര്‍പുതമ്മാള്‍ പറഞ്ഞു. പേരറിവാളന്റെ മൊഴിയുടെ ഒരുഭാഗം ഒഴിവാക്കിയെന്ന് കോടതിയില്‍ മൊഴിരേഖപ്പെടുത്തിയ മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ നേരത്തേ നടത്തിയ പ്രസ്താവന അവര്‍ അനുസ്മരിച്ചു. അന്വേഷണത്തിന്റെ പേരിലാണ് മകനെ പോലിസ് കൊണ്ടുപോയത്. അന്ന് അവന് 19 വയസ്സായിരുന്നു. ഇപ്പോള്‍ 47 വയസ്സായി. അവന്റെ യൗവനവും പ്രധാന ജീവിതവും നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പോലും പ്രതികള്‍ക്ക് മാപ്പ് നല്‍കിയതാണ്- അര്‍പുതം അമ്മാള്‍ പറഞ്ഞു. പേരറിവാളന്‍ വാങ്ങിയ രണ്ടു ബാറ്ററികളാണ് രാജീവ്ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ കൊലപ്പെടുത്താനുപയോഗിച്ചത് എന്നാണ് കേസ്. 1991 മെയില്‍ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു സ്‌ഫോടനം നടന്നത്.
Next Story

RELATED STORIES

Share it