Flash News

രാജീവിന്റെ കൊലപാതകം : ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി



കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ സി പി ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി. രാജീവ് വധക്കേസിന്റെ തുടക്കം മുതല്‍ ഉദയഭാനുവിനെതിരേ ആരോപണം ഉയര്‍ന്നെങ്കിലും അദ്ദേഹത്തിനെതിരേ ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലോ കോടതിയിലോ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സപ്തംബര്‍ 29ന് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി എ രാജീവിനെ ചക്കര ജോണി അടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. രാജീവ് ഇടനിലക്കാരനായി നിന്ന് ഭൂമി വാങ്ങാന്‍ ഉദയഭാനു കരാറുണ്ടാക്കി അഡ്വാന്‍സ് നല്‍കിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. അഡ്വാന്‍സ് തുക തിരിച്ചുചോദിച്ചതോടെ ഉദയഭാനുവും രാജീവും ശത്രുക്കളായെന്നും പണം തിരികെ കിട്ടാനായി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മുദ്രപത്രത്തില്‍ ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജീവ് കൊല്ലപ്പെട്ടുവെന്നുമാണ് കേസ്. കേസില്‍ ഉദയഭാനു ഏഴാംപ്രതിയാണ്.രാജീവ് ഇടനിലക്കാരനായി വന്‍തോതില്‍ ഭൂമി വാങ്ങാന്‍ ഉദയഭാനു കരാറുണ്ടാക്കിയതായി കേസ് ഡയറിയില്‍ നിന്ന് വ്യക്തമാണെന്നും പല കേസിലും രാജീവിനു വേണ്ടി അഡ്വ. ഉദയഭാനു ഹാജരായതായി രേഖകളുണ്ടെന്നും കോടതി വിലയിരുത്തി. ഇരുവരും പിന്നീട് അകന്നതോടെ പണം ആവശ്യപ്പെട്ട് ഉദയഭാനു രാജീവിനെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ ഉദയഭാനുവില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന നിലപാടാണ് രാജീവ് സ്വീകരിച്ചത്. കേസിലെ അഞ്ചാംപ്രതി ചക്കര ജോണിക്ക് രാജീവിനോട് കടുത്ത ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിന് വേണ്ടി ഹാജരായത് ഉദയഭാനുവായിരുന്നു. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. ഈ കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും നീക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും എറണാകുളത്തെ ഓഫിസിലും പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it