Flash News

രാജീവിന്റെ കൊലപാതകം : അഡ്വ. ഉദയഭാനു അറസ്റ്റില്‍



കൊച്ചി: ചാലക്കുടിയില്‍ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി പി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് ഉദയഭാനുവിനെ തൃശൂരില്‍ നിന്നെത്തിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഉദയഭാനുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേസില്‍ ഏഴാംപ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും കോടതി നീക്കി. ഇതോടെ കഴിഞ്ഞദിവസം വീട്ടിലും ഓഫിസിലും ഉദയഭാനുവിനെ തേടി പോലിസ് എത്തിയിരുന്നു. ഇതിനിടയില്‍ ഉദയഭാനു സുപ്രിംകോടതിയെ സമീപിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ സുപ്രിംകോടതിയില്‍ നിന്നു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നു വ്യക്തമായതോടെയാണ് ഇന്നലെ കീഴടങ്ങിയതെന്നാണ് സൂചന. കൊല്ലപ്പെട്ട രാജീവുമായി കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിന് വേണ്ടി ഉദയഭാനുവാണ് ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പക വീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. സപ്തംബര്‍ 29നാണ് രാജീവ് കൊല്ലപ്പെടുന്നത്. സംഭവം നടന്ന അന്നു മുതല്‍ ഉദയഭാനു സംശയത്തിന്റെ നിഴലിലായിരുന്നു. ഉദയഭാനുവിനെതിരേ രാജീവിന്റെ വീട്ടുകാരും രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it